പ്രിയതാരങ്ങളോട് ആരാധകർ തങ്ങളുടെ സ്നേഹം പലവിധത്തിലാണ് പ്രകടിപ്പിക്കാറുള്ളത്. മമ്മൂട്ടിയോടുള്ള ആരാധന മലപ്പുറം സ്വദേശി ജസ്ഫർ കോട്ടക്കുന്ന് പ്രകടിപ്പിച്ചത് തന്റെ പരിമിതികൾക്കിടയിലും ഒരു ഷർട്ട് ഡിസൈൻ ചെയ്ത് നൽകിക്കൊണ്ടാണ്. മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് കഴുത്തിന് താഴെ തളർന്ന ജസ്ഫർ ചുണ്ടുകൾക്കിടയിൽ ബ്രഷ് കടിച്ച് പിടിച്ചു കൊണ്ടാണ് ലിനൻ ഷർട്ടിൽ ഡിസൈൻ ചെയ്ത് തന്റെ പ്രിയതാരത്തിന് സ്നേഹസമ്മാനം നൽകിയത്.
എന്നാൽ ആരാധകന്റെ സ്നേഹസമ്മാനത്തിന് മമ്മൂട്ടി തിരിച്ചുകൊടുത്തതോ അതിലും സന്തോഷകരമായ നിമിഷമാണ്. കഴിഞ്ഞ ദിവസം ഇടിയൻ ചന്തു എന്ന സിനിമയുടെ സോങ് ലോഞ്ചിന് താരമെത്തിയത് ആ ഷർട്ട് ധരിച്ചുകൊണ്ടാണ്. ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
ജസ്ഫറും ഇതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘നന്ദി മമ്മൂക്ക… എന്നിലെ കലാകാരന് നൽകിയ ഈ അംഗീകാരത്തിന്… എന്റെ അധ്വാനത്തിന് വില നൽകിയതിന്… പിന്നെ ഒരു മാസം കഴിഞ്ഞിട്ടും എന്നെ ഓർമിച്ചതിന്,’ എന്നാണ് ജസ്ഫർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
കഴിഞ്ഞ മാസം ടർബോ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മമ്മൂട്ടി ദുബായിൽ എത്തിയപ്പോഴാണ് ആരാധകന്റെ സ്നേഹസമ്മാനം ലഭിച്ചത്. അന്ന് ആ വസ്ത്രം ധരിക്കുമെന്ന് താരം ജസ്ഫറിന് ഉറപ്പ് നൽകിയിരുന്നു. ഷർട്ടിനൊപ്പം മമ്മൂട്ടിയുടെ ഒരു ചിത്രവും ജസ്ഫർ സമ്മാനിച്ചിരുന്നു.