അര്‍ജ്ജുന്‍ പാണ്ഡ്യന്‍ തൃശൂര്‍ ജില്ലാ കലക്ടറായി ചുമതലയേറ്റു. രാവിലെ 10ന് സിവില്‍ സ്റ്റേഷനില്‍ എത്തിയ കലക്ടറെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി. മുരളി, സബ് കലക്ടര്‍ മുഹമ്മദ് ഷെഫീക്ക്, അസി. കലക്ടര്‍ അതുല്‍ സാഗര്‍, മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് സ്വീകരിച്ചു. കലക്ടറായിരുന്ന വി.ആര്‍ കൃഷ്ണ തേജ ഇന്റര്‍ സ്റ്റേറ്റ് ഡെപ്യൂട്ടേഷനില്‍ ആന്ധ്രപ്രദേശിലേക്കു പോയ ഒഴിവിലാണ് നിയമനം.
തൃശൂര്‍ ജില്ലാ കലക്ടര്‍ പദവി അംഗീകാരമായി കാണുന്നതായി അദ്ദേഹം പറഞ്ഞു. ജില്ലയുടെ ആവശ്യങ്ങളും സാധ്യതകളും വിശദമായി പഠിച്ചുള്ള ഇടപെടലുകള്‍ നടത്തും. പൊതുജനങ്ങള്‍ക്ക് സുതാര്യമായും സമയബന്ധിതമായും സേവനങ്ങള്‍ ലഭ്യമാക്കും. തൃശൂര്‍ പൂരം മികച്ച രീതിയില്‍ ഏകോപിപ്പിക്കും. നിലവില്‍ കാലവര്‍ഷത്തോടനുബന്ധിച്ചുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമഗ്രവികസനത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് ജീവനക്കാരുടെ സഹകരണവും പിന്തുണയും ആവശ്യപ്പെട്ടു.
ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറും ലേബര്‍ കമ്മിഷണറുമായിരുന്നു. 2017 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ കണ്ണൂര്‍ അസി. കലക്ടര്‍, ഒറ്റപ്പാലം, മാനന്തവാടി സബ് കലക്ടര്‍, അട്ടപ്പാടി നോഡല്‍ ഓഫീസര്‍, ഇടുക്കി ഡവലപ്മെന്റ് കമ്മിഷണര്‍, അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ശബരിമല, റവന്യൂ വകുപ്പ് ജോയിന്റ് കമ്മിഷണര്‍, സംസ്ഥാന ലാന്‍ഡ്‌ബോര്‍ഡ് സെക്രട്ടറി, സാമൂഹിക സന്നദ്ധ സേന ഡയറക്ടര്‍, ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
കൊല്ലം ടി.കെ.എം എഞ്ചിനീയറിങ് കോളജില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബിടെക് ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം ഇടുക്കി ഏലപ്പാറ സ്വദേശിയാണ്. പാണ്ഡ്യന്‍, ഉഷാകുമാരി ദമ്പതികളുടെ മകനാണ്. ഡോ. അനുവാണ് ഭാര്യ.