എൻ .പ്രഭാകരൻ
ഹിരണ്യനെക്കുറിച്ച് എങ്ങനെ എഴുതും,എങ്ങനെ എഴുതാതിരിക്കും എന്നൊക്കെയുള്ള വേവലാതിയിലായിരുന്നു ഞാന്‍.ഒടുവില്‍ എഴുതുന്നതു തന്നെയാണ് എഴുതാതിരിക്കുന്നതിനേക്കാള്‍ ശരിയാവുക എന്ന തീര്‍പ്പിലെത്തി.
ഹിരണ്യനെ ആദ്യമായി എന്നു കണ്ടു എന്നു ഞാന്‍ ഓര്‍മിക്കുന്നില്ല,അത് ഓര്‍മിച്ചെടുക്കാനാവില്ല,കാരണം കാലദേശങ്ങളെ അപ്രസക്തമാക്കുന്ന ഒരു സൗഹൃദമായിരുന്നു അത്.കൂടുതല്‍ അടുത്തതും ഒരുപാട് മണിക്കൂറുകള്‍ ഒന്നിച്ചു ചെലവഴിച്ചതും 1998- 2001കാലത്താണ്.അക്കാലത്ത് ഞാന്‍ കേരള സാഹിത്യ അക്കാദമിയുടെ നിര്‍വാഹക സമിതി അംഗമായിരുന്നു.
അക്കാദമയില്‍ പോകുമ്പോഴെല്ലാം എനിക്ക് നേരത്തേ പരിചയമുണ്ടായിരുന്ന ഹിരണ്യന്‍റെ വീട്ടില്‍ പോവും.ആദ്യത്തെ ഒന്നുരണ്ടു തവണ എ.വി.പവിത്രനും എന്നോടൊപ്പമുണ്ടായിരുന്നു.
കാര്യവട്ടം കാമ്പസ്സില്‍ വെച്ചാണ് ഗീതയെ പരിചയപ്പെട്ടത്.ഹിരണ്യനും ഗീതയും എനിക്ക് ഏറെ അടുപ്പം തോന്നിയ ആളുകളാണ്.അതുകൊണ്ട് അവരുടെ വീട് സ്വന്തം വീടു പോലെ സ്വാതന്ത്ര്യം അനുഭവപ്പെടുത്തുന്ന ഒന്നായി.മണിക്കൂറുകളോളം സംസാരിച്ചിരുന്നാലും അവിടെ നിന്നിറങ്ങുമ്പോള്‍ ഇനിയും കുറേ പറയാനുണ്ടല്ലോ എന്നു തോന്നും.
ഒരു തവണ ഞാന്‍ ചെന്നപ്പോള്‍ ഹിരണ്യന്‍ പറഞ്ഞു: “ഗീത പറയുകയാ ഇന്ന് പ്രഭാകരന്‍ വരും.ഒരു പാട് നേരം ഉള്ളു തുറന്നു ചിരിക്കാംന്ന്.” സത്യത്തില്‍ അവരെ ചിരിപ്പിക്കാന്‍ മാത്രമായി ഞാന്‍ ഒന്നും പറഞ്ഞിരുന്നില്ല.അവരോട് എന്തിനെക്കുറിച്ചും എന്തും പറയാമെന്നതുകൊണ്ട് ഞങ്ങളുടെ സംഭാഷണം പലപ്പോഴും വലിയ തമാശകളില്‍ ചെന്നെത്തി.അത്രയേ ഉള്ളൂ.ഹിരണ്യന് അപാരമായ ഓര്‍മശക്തിയായിരുന്നു.ഒരു കവിതയോ കഥയോ അത്രയൊന്നും അറിയപ്പെടാത്ത ഒരാള്‍ എഴുതിയതാണെങ്കില്‍പ്പോലും ഏത് വാരികയുടെ ഏത് ലക്കത്തില്‍ വന്നു എന്നോ ഏത് പ്രസാധകന്‍ പുറത്തിറക്കിയ ഏത് പുസ്തകത്തിലാണതുള്ളതെന്നോ ഹിരണ്യന്‍ കൃത്യമായി പറയും.ഞാന്‍ പണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴും പ്രിഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നപ്പോഴുമൊക്കെ എഴുതിയ കഥയിലെയോ കവിതയിലെയോ ലേഖനത്തിലെയോ വരി ഞങ്ങളുടെ സംഭാഷണത്തിനിടയില്‍ അവിചാരിതമായി ഉദ്ധരിച്ച് ഹിരണ്യന്‍ ചിരിപ്പിച്ചു കളയും.സാഹിത്യകൃതികളെപ്പറ്റിയും എഴുത്തുകാരെപ്പറ്റിയും തന്നെയാണ് ഞങ്ങള്‍ ഏറെയും സംസാരിച്ചത്.ചിലപ്പോഴൊക്കെ അത് നിരുപദ്രവമായ തമാശകളിലേക്കു നീങ്ങും.പലപ്പോഴും ഏറെ ചിരിക്കാന്‍ വക നല്‍കുന്നവ തന്നെയായിരിക്കും അവയുംപക്ഷേ,
”പരിഹാസപ്പുതുപ്പനീര്‍ച്ചെടിക്കെടോ
ചിരിയത്രേ പൂവ് ശകാരം മുള്ളു താന്‍”
എന്നു സഞ്ജയന്‍ പറഞ്ഞത് ഓര്‍മിച്ചല്ലെങ്കിലും ആ ഒരു മര്യാദ കൈവിട്ട് ഒന്നും പറഞ്ഞിരുന്നില്ല.
യഥാര്‍ത്ഥ സഹൃദയത്വം ഒരാളെ എത്ര ഉയരത്തിലെത്തിക്കുമെന്ന് വ്യക്തമായി ബോധ്യപ്പെടുത്തിയ ആളാണ് ഹിരണ്യന്‍.ആരോടും വിദ്വേഷമില്ല,പരിഭവമില്ല,നിരാശയില്ല,മോഹങ്ങളുടെ പുറകെ പായുന്ന ശീലമില്ല.എല്ലാ ചിരികള്‍ക്കിടയിലും ഹിരണ്യന്‍ ആകര്‍ഷകമായ ഒരു തരം നിര്‍മമത പാലിച്ചിരുന്നു.ഗീതയും ഏറെക്കുറെ അങ്ങനെ തന്നെ.വിധി വിശ്വാസിയല്ല ഞാന്‍.എങ്കിലും ചില ബന്ധങ്ങള്‍ വിധികല്പിതം എന്നു പറയാവുന്ന അത്രയും സ്വാഭാവികമായും മാറ്റാന്‍ പറ്റാത്തതുമായി തോന്നും.ഹിരണ്യനും ഗീതയും തമ്മിലുള്ള ബന്ധം അത്തരത്തിലുള്ള ഒന്നായിരുന്നു.
അകാലത്തിലാണ് ഗീത മരിച്ചത്.കാന്‍സര്‍ രോഗത്തിന് ചികിത്സയിലിരിക്കെ മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുമ്പ് ഗീത ഒരു പോസ്റ്റ് കാര്‍ഡില്‍ എനിക്കൊരു കത്തയച്ചിരുന്നു. വിട പറയലിന്‍റെ ശബ്ദം വ്യക്തമായി കേള്‍ക്കാവുന്നതായിരുന്നു അത്. ആ കത്തിന് ഞാന്‍ ഉടന്‍ തന്നെ മറുപടിയയച്ചെങ്കിലും ഗീതയ്ക്ക് അത് വായിക്കാന്‍ പറ്റിയിരുന്നോ എന്നറിയില്ല.
അപാരമായ ഓര്‍മ ശക്തിയുണ്ടായിരുന്ന ഹിരണ്യന്‍ അവസാനകാലത്ത് സ്മൃതിനാശത്തിന്‍റെ പിടിയിലായിരുന്നു.ഇപ്പോള്‍ ഹിരണ്യനും പോയിരിക്കുന്നു. ജീവിച്ചിരിക്കുന്ന ഹിരണ്യനെയും ഗീതയെയും മനസ്സില്‍ മരിക്കും വരെ സൂക്ഷിക്കും ഞാന്‍ ;മറ്റൊന്നും ഇനി പറയാനാവില്ല.