Monday, September 16, 2024
HomeBREAKING NEWSജനനേതാവ് ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്സ്
spot_img

ജനനേതാവ് ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്സ്

അഞ്ചു പതിറ്റാണ്ടിലേറെക്കാലം ഭരണ-രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന നേതാവ്

മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് ഒരു വർഷം തികയുന്നു. സംസ്ഥാനരാഷ്ട്രീയത്തിലെ ജനകീയ മുഖമായിരുന്നു ഉമ്മൻചാണ്ടി. അഞ്ചു പതിറ്റാണ്ടിലേറെക്കാലം ഭരണ-രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിന്ന നേതാവ്. ബന്ധുക്കൾക്കും നാട്ടുകാർക്കും പ്രിയപ്പെട്ട കൂഞ്ഞൂഞ്ഞ്. സുഹൃത്തുക്കളുടേയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ഒ.സി. ഉമ്മൻചാണ്ടിയെന്നാൽ ഒരു വികാരമാണ്. എതിരാളികൾക്ക് പോലും അനിഷേധ്യനായ നേതാവ്. അരനൂറ്റാണ്ടിലേറെക്കാലം നിയമസഭാംഗം. പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായി 12 തെരഞ്ഞെടുപ്പുകൾ ജയിച്ചു . സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി മാറിയ വ്യക്തിത്വം.

1970 ൽ 27 ആം വയസ്സില്‍, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷനായിരിക്കെ ആദ്യമായി പുതുപ്പള്ളിയില്‍ മത്സരിച്ചു. ഹാട്രിക് വിജയത്തിനായി മത്സരിച്ച സിറ്റിങ് എം.എല്‍.എ ഇ. എം ജോര്‍ജായിരുന്നു എതിർസ്ഥാനാർത്ഥി. ഫലം വന്നപ്പോള്‍ 7,288 വോട്ടിന്റെ അട്ടിമറിജയം. പുതുപ്പള്ളിയുടെ ആകാശത്ത് ഉമ്മന്‍ചാണ്ടി എന്ന താരം ഉദിച്ചുയരുകയായിരുന്നു.

തുടര്‍ച്ചയായി 12 തവണയാണ് ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍നിന്ന് ജയിച്ചുകയറിയത്.
പി.സി ചെറിയാന്‍, എംആര്‍ജി പണിക്കര്‍, തോമസ് രാജന്‍, വിഎന്‍ വാസവന്‍, റെജി സഖറിയ, ചെറിയാന്‍ ഫിലിപ്പ്. സിന്ധു ജോയ്, സുജ സൂസന്‍ ജോര്‍ജ് . ഏറ്റവും ഒടുവിൽ ജെയ്ക്ക് സി.തോമസ്. എല്ലാവരും ഉമ്മൻചാണ്ടിയോട് മത്സരിച്ച് പരാജയത്തിന്‍റെ രുചിയറിഞ്ഞവരാണ്.

തേടിയെത്തിയവരെയെല്ലാം ചേര്‍ത്തുപിടിച്ച നേതാവ്, ഈ പ്രതിച്ഛായയാണ് കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ സ്വീകാര്യത.1977ൽ തൊഴില്‍ വകുപ്പ് മന്ത്രി, 1981 ല്‍ ആഭ്യന്തരമന്ത്രി, 1991 ല്‍ ധനമന്ത്രി, 2004 ലും 2011ലുമായി രണ്ടു തവണ മുഖ്യമന്ത്രി. ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ അധികാരത്തിന്റെ ജനകീയവല്‍ക്കരണം നമ്മൾ കണ്ടു.

വിവാദങ്ങളും എതിർശബ്ദങ്ങളും ഉയർന്നപ്പോഴും തളരാതെയായിരുന്നു അദ്ദേഹത്തിന്റെ മുന്നേറ്റം. അടിമുടി കോണ്‍ഗ്രസുകാരൻ. കേരള രാഷ്ട്രീയത്തിലെ ഏറ്റവും തന്ത്രശാലിയായ നേതാക്കളിൽ ഒരാളാണ് അദ്ദേഹം . പുതുപ്പള്ളി സെയ്ന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ സ്മൃതികുടീരത്തിലേക്ക് ജനപ്രവാഹമാണ്. ഒരു രാഷ്ട്രീയ നേതാവ് മരണശേഷം ആരാധക മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുന്ന അപൂർവ കാഴ്ചക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments