Sunday, December 22, 2024
HomeKeralaപെരുമൺ ​ദുരന്തത്തിന്റെ ഓർമകൾക്ക് 36 വയസ്
spot_img

പെരുമൺ ​ദുരന്തത്തിന്റെ ഓർമകൾക്ക് 36 വയസ്


പെരുമൺ ദുരന്തത്തിന് ഇന്ന് മുപ്പത്തിയാറ് ആണ്ട്. കേരളം കണ്ട ഏറ്റവും വലിയ തീവണ്ടി ദുരന്തത്തിൽ 105 പേർക്കാണ് ജീവൻ നഷ്ടമായത്. മൂന്നു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകൾ പെരുമൺകാരെ വിട്ടുമാറിയിട്ടില്ല.

1988 ജൂലൈ എട്ടിനാണ് രാജ്യത്തെയാകെ ഞെട്ടിച്ച ആ ദുരന്തമുണ്ടാകുന്നത്. ഉച്ചയ്ക്ക്, അഷ്ടമുടികായലിനു കുറുകെയുള്ള പെരുമൺ റെയിൽപാലത്തിൽ വെച്ച് ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഐലൻഡ് എക്സ്പ്രസ് പാളം തെറ്റി. ഒൻപതു കോച്ചുകൾ കായലിൽ പതിച്ചു. യാത്രക്കാരുടെ സ്വപ്നങ്ങൾ നിമിഷനേരം കൊണ്ട് തലകീഴ്മേൽ മറിഞ്ഞു. പതിനാലു കോച്ചുകൾ ഉണ്ടായിരുന്ന തീവണ്ടി പാളം തെറ്റുമ്പോൾ, എഞ്ചിനും പാർസൽ വാനും ഒരു സെക്കൻഡ് ക്ലാസ് കമ്പാർട്ടുമെന്റും മാത്രമേ പാലം കടന്നിട്ടുണ്ടായിരുന്നുള്ളൂ.

ഒൻപതു കോച്ചുകൾ ഒന്നിന് പിറകെ ഒന്നായി കായലിലേക്ക് കൂപ്പുകുത്തി. ഒരു ഫസ്റ്റ് ക്‌ളാസ് കമ്പാർട്ട്മെന്റ് പാലത്തിൽ നിന്ന് വെള്ളത്തിലേക്ക് മൂക്ക് കുത്തി വീണ രീതിയിൽ തൂങ്ങിക്കിടന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ പ്രദേശവാസികളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. വള്ളങ്ങൾ ഉപയോഗിച്ച് കോച്ചുകൾക്കടുത്തേക്ക് എത്തി. എങ്കിലും, നേർത്തൊരു ചാറ്റൽ മഴയുണ്ടായിരുന്നതും, രണ്ടു കോച്ചുകൾ തലകുത്തനെ മറിഞ്ഞതും, സാഹചര്യങ്ങൾ പ്രതികൂലമാക്കി.

ഇപ്പോഴും അതേ പാതയിലൂടെ അതേ നമ്പറില്‍ ഐലൻ്റ് എക്സ്പ്രസ് ഓടുമ്പോൾ പ്രദേശവാസികളുടെ മനസില്‍ ഒരു ഞെട്ടലാണ്. 105 പേരുടെ ജീവനെടുത്ത പെരുമണ്‍ ദുരന്തം ഇന്നും കേരളത്തിന് നടുക്കുന്ന ഓര്‍മ്മയാണ്. അപകട കാരണം കണ്ടെത്താൻ കേന്ദ്ര സർക്കാർ കമ്മീഷനെ നിയോഗിച്ചു. ദുരന്തത്തിന് കാരണം ടൊർണാഡോ ചുഴലിക്കാറ്റെന്നായിരുന്നു കണ്ടെത്തൽ. ചെറുകാറ്റ് പോലും അടിക്കാത്ത പ്രദേശത്ത് ചുഴലിക്കാറ്റെന്ന കമ്മീഷൻ റിപ്പോർട്ട് വലിയ ചർച്ചകൾക്ക് ഇടയാക്കി. വീണ്ടും പുതിയ കമ്മീഷനെ നിയോഗിച്ചെങ്കിലും, സംഘം ആദ്യ റിപ്പോർട്ട് ആവർത്തിച്ചു. അപകടത്തിന് കാരണം ഇന്നും വെളിപ്പെടാത്ത സത്യമായി തുടരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments