കട്ടിലപ്പൂവം മാടക്കത്തറ പഞ്ചായത്തിലെ ചെങ്കല്ലിക്കുന്നിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സ്വകാര്യ വ്യക്തിയുടെ ഫാമിലെ 310 പന്നികളെ കൊന്ന് ശാസ്ത്രീയമായി സംസ്കരിച്ചു. ഫാം സ്‌ഥിതി ചെയ്യുന്ന സ്‌ഥലത്താണ് പന്നികളെ സംസ്കരിച്ചത്. കട്ടിലപ്പൂവം ബാബുവെളിയത്തിന്റെ ഉടമസ്‌ഥതയിലുള്ള ഫാമിലെ പന്നികൾക്കാണ് കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചത്. കലക്ടറുടെ ഉത്തരവ് പ്രകാരം ജില്ലാമൃഗസംരക്ഷണ ഓഫിസറുടെ നേതൃത്വത്തിലുള്ള 35 അംഗ സംഘമാണ് പന്നികളെ കൊന്നൊടുക്കിയത്. ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തെ പന്നിഫാമുകൾക്ക് അംഗീകാരം ഇല്ലെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. ഇവിടെ മാലിന്യം തള്ളുന്നതിനെതിരെ നാലു മാസം മുൻപ് പഞ്ചായത്തിൽ പരാതിയും നൽകിയിരുന്നു. പരാതി അവഗണിച്ച് അംഗീകാരമില്ലാത്ത പന്നിഫാമുകൾ നടത്തുന്നതിന് ഉദ്യോഗസ്ഥർ മൗനാനുവാദം നൽകിയതായും നാട്ടുകാർ ആരോപിച്ചു.
പകരില്ല
“പന്നിപ്പനി ഒരു കാരണവശാലും മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരില്ല. പന്നികളിലേക്കു മാത്രമേ പകരാൻ സാധ്യതയുള്ളു. കാട്ടുപന്നികളിൽ നിന്നു നാട്ടിലെ പന്നികളിലേക്കു പകരാൻ സാധ്യത ഉണ്ട്. ഒരുമിച്ചു കഴിയുന്ന പന്നികൾ ഒരുമിച്ചു ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണത്തിലൂടെയും ചെള്ളുകൾ മുഖേനയും രോഗം പകരും. പക്ഷിപ്പനി പോലെ മനുഷ്യർക്കു ബാധിക്കുമെന്നു ഭയപ്പെടേണ്ട കാര്യമില്ല. പന്നിപ്പനി ബാധിച്ച പന്നിയുടെ മാംസം കഴിച്ചതുകൊണ്ടും രോഗം പകരില്ല”.
– ഡോ.ജി.ദിനേശ്, ജില്ലാ കോ ഓർഡിനേറ്റർ, തൃശൂർ വെറ്ററിനറി ഡിപ്പാർട്മെന്റ്