പ്രതി ഓടി രക്ഷപ്പെട്ടു; പ്രതിക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്
കൊച്ചി: പെരുമ്പാവൂർ വട്ടക്കാട്ട്പടിയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. ഒഡിഷ സ്വദേശി ആകാശ് ഡിഗൽ (34) ആണ് കൊല്ലപ്പെട്ടത്. രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ആകാശ വട്ടയ്ക്കാട്ടുപടി എസ്എൻഡിപിക്ക് സമീപം കുടുംബമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. നെടുംപുറത്ത് ബിജുവിൻ്റെ വാടക കെട്ടിടത്തിലാണ് ഇവർ താമസിച്ചുവന്നത്.
ഇതേ കെട്ടിടത്തിൽ താമസിച്ചിരുന്ന ഒഡിഷ സ്വദേശി അഞ്ജന നായിക് വാക്കുതർക്കത്തിനിടെ ആകാശ് ഡിഗലിനെ കുത്തുകയായിരുന്നു. സംഭവ ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. പരുക്കേറ്റ ആകാശിനെ ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.