തൃശൂർ: മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നു രാവിലെ, കരുണാകരന്റെ വസതിയായിരുന്ന തൃശുരിലെ ‘മുരളീ മന്ദിര’ത്തിൽ എത്തിയാണ് പുഷ്പാർച്ചന നടത്തിയത്. കരുണാകരൻറെ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ സ്‌മൃതി മണ്ഡപത്തിലും പുഷ്പാർച്ചന നടത്തി. കരുണാകരൻ്റെ മകളും ബിജെപി നേതാവുമായ പത്മജ വേണുഗോപാൽ സ്വീകരിച്ചു ബിജെപി ജില്ലാ അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കളും ഒപ്പമുണ്ടായിരുന്നു.
സന്ദർശനത്തിനു രാഷ്ട്രീയ മാനമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. “ലീഡർ കരുണാകരനെ കേരളത്തിൽ കോൺഗ്രസിന്റെ പിതാവായാണ് ഞാൻ കാണുന്നത്. ഇന്ദിരാ ഗാന്ധിയെ ഭാരതത്തിന്റെ മാതാവായി കാണുന്നതുപോലെ അദ്ദേഹത്തിന്റെ മുൻഗാമികളോടുള്ള അപമര്യാദയല്ല. പക്ഷേ എൻ്റെ തലമുറയിലെ ഏറ്റവും ധീരനായ ഒരു ഭരണകർത്താവ് എന്ന നിലയ്ക്ക് ആരാധന ആ വ്യക്‌തിയോടാണ്.
“അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കകക്ഷിയോട് അതുകൊണ്ടു തന്നെ ചെറിയ ഒരു ഇഷ്ടമുണ്ടാകും. മാനസപുത്രൻ എന്നു തന്നെയാണ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ള വാക്ക്. അതിനു മര്യാദയായാണ് രാഷ്ട്രീയമില്ലാതെ തന്നെ ഇവിടെ എത്തിയത്. അതിനുള്ള ചോദ്യങ്ങളൊന്നുമില്ല, അതിനുള്ള ഉത്തരങ്ങളും എന്റെ കയ്യിൽ ഇല്ല”- സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞദിവസം മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ വീടും സുരേഷ് ഗോപി സന്ദർശിച്ചിരുന്നു.