മകന്റെ വിവാഹവും പുതിയ വീട്ടിലേക്ക് മാറുന്നതും കാത്തിരുന്ന അച്ഛനും അമ്മയ്ക്കും മുന്നിലെത്തിയത് മരണവാർത്ത. കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച വിവരം ഇന്നലെ രാത്രിയോടെയാണ് രക്ഷിതാക്കളെ അറിയിച്ചത്. ആറുമാസം മുൻപ് നാട്ടിൽ വന്നു പോയതാണ് സ്റ്റീഫൻ. അടുത്തമാസം വീണ്ടും നാട്ടിലേക്ക് എത്താൻ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് ദുരന്തം അഗ്നിബാധയായി എത്തിയത്.
സ്റ്റെഫിന്റെ കല്യാണം നിശ്ചയിച്ചിരുന്നു, ഒപ്പം പുതിയതായി നിർമ്മിച്ച വീടിന്റെ പാലുകാച്ചലും നടക്കാനിരിക്കുകയായിരുന്നു. പക്ഷേ കുവൈത്തിലെ ക്യാമ്പിലുണ്ടായ അപകടം സ്റ്റെഫിന്റെ ജീവനെടുത്തു. അതോടെ ഒരു കുടുംബത്തിന്റെ മൊത്തം സ്വപ്നങ്ങളാണ് പൊലിഞ്ഞത്. പണി തീർന്നുകൊണ്ടിരിക്കുന്ന വീട്ടിൽ ഒരിക്കൽ പോലും താമസിക്കാനാവാതെയാണ് സ്റ്റെഫിൻ മടങ്ങുന്നത്.
പഠിക്കാൻ മിടുക്കൻ ആയിരുന്നു സ്റ്റെഫിൻ. പാമ്പാടിയിലെ എൻജിനീയറിങ് കോളേജിൽനിന്ന് മികച്ച മാർക്കോടെ ബിരുദം കരസ്ഥമാക്കിയാണ് കുവൈറ്റിലേക്ക് പോയത്. ഒരു സഹോദരൻ ഇതേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. മറ്റൊരു സഹോദരൻ ഇസ്രയേലിലാണ്. കീബോർഡ് വായിക്കുന്ന, സഭയുടെ യുവജനപ്രസ്ഥാനങ്ങളിൽ സജീവമായിരുന്ന സ്റ്റെഫിൻറെ വിയോഗത്തിന്റെ നടുക്കത്തിലാണ് ബന്ധുക്കളും നാട്ടുകാരും. പ്രായംചെന്ന അച്ഛനെയും അമ്മയെയും ആശ്വസിപ്പിക്കാൻ പാടുപെടുകയാണ് ബന്ധുക്കൾ. ശനിയാഴ്ചയോടെ മൃതദേഹം എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.