കൊരട്ടി: ഓസ്ട്രേലിയൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിലെ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലുൾപ്പെടുന്ന കൊരട്ടി പഞ്ചായത്തിലെ ആറ്റപ്പാടം ഗ്രാമത്തിന് എന്തു കാര്യം? ആറ്റപ്പാടം സ്വദേശി കുടി മത്സരത്തിനുണ്ടെന്നുള്ളതാണ് കാര്യം. ലിബറൽ പാർട്ടി സ്ഥാനാർഥിയായി മലയാളിയായ ബിജു ആന്റണിയാണു ബെൽമോണ്ട് മണ്ഡലത്തിൽ കളത്തിലിറങ്ങുന്നത്. ഓസ്ട്രേലിയൻ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ആദ്യമായി രണ്ടു മലയാളികൾ മത്സരിക്കുന്നു. ഇവരടക്കം ഏഷ്യൻ വംശജരായ 4 പേരാണ് ഇക്കുറി ജനവിധി തേടുന്നത്.
ആറ്റപ്പാടം ഗ്രാമിക ക്ലബ്ബിനു സമീപം ചാതേലി അന്തോണിയുടെയും (ആന്ററണി) മേരിയുടെയും മകനാണ് ബിജു. ഓസ്ട്രേലിയയിൽ നിയമരംഗത്താണ് ജോലി ചെയ്യുന്നത്. ഭരണത്തിലുള്ള ലേബർ പാർട്ടിക്കെതിരെ സ്‌റ്റേറ്റ് ലിബറൽ പാർട്ടിയുടെ സ്‌ഥാനാർഥിയായി ഇറങ്ങുമ്പോൾ അട്ടിമറി വിജയമാണു ലക്ഷ്യം. മാർച്ച് 8നാണു തിരഞെഞ്ഞെടുപ്പ്. ഇപ്പോൾ ജന്മനാട്ടിലുള്ള ബിജു ക്രിസ്മസ് പിറ്റേന്നു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകൾക്കായി മടങ്ങും. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണു പ്രധാനമായും പ്രചാരണപരിപാടികൾ. സ്ഥാനാർഥിത്വം ലഭിക്കാൻ ലിബറൽ പാർട്ടി സംഘടനയ്ക്കകത്തു നടത്തിയ തിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപ ക്ഷത്തോടെയാണു ബിജു ജയിച്ചത്.
ജന്മനാട്ടിലെത്തിയതു മാതാപിതാക്കളുടെ അനുഗ്രഹം തേടാനാണ്. കുറേ സുഹൃത്തുക്കളെയും കണ്ടു.
എല്ലാവരും പിന്തുണയും പ്രാർഥനയും അറിയിച്ചതിന്റെ ആഹ്ലാദത്തിലാണു ബിജു. ഒന്നര പതിറ്റാണ്ടായി ഭാര്യ എവിലിൻ ഡാലിയ, മക്കളായ മരിയ, ക്രിസ്റ്റീന, എസ്തേർ, കെസിയ എന്നിവർക്കൊപ്പം ഓസ്ട്രേലിയയിലാണു താമസം