അല്ലു അർജുൻ നായകനായെത്തിയ പുഷ്പ ടു സിനിമയ്ക്കിടെ തീയറ്ററിൽ രാസവസ്തു പ്രയോഗിച്ചതായി സംശയം. മുംബൈയിലെ ബാന്ദ്രയിൽ ഉള്ള ഗ്യാലക്സി തിയേറ്ററിലാണ് സംഭവം.വ്യാഴാഴ്ച രാത്രി 10 മണിയോടെയുള്ള പ്രദർശനത്തിനിടെ കാണികൾക്ക് അവശത അനുഭവപ്പെട്ടു. ഇടവേളയ്ക്കിടെ ആരോ രാസവസ്തു സ്പ്രേ ചെയ്തതായി സംശയം. പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.
ഇതിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി അല്ലു അര്‍ജുന്‍ രംഗത്തുവന്നു. സംഭവം തന്റെ ഹൃദയം തകര്‍ത്തുവെന്നും കുടുംബത്തിന് തന്റെ അനുശോചനം അറിയിക്കുന്നുവെന്നും അല്ലു അര്‍ജുന്‍ എക്‌സില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. വൈകാതെ കുടുംബാംഗങ്ങളെ നേരിട്ട് കാണുമെന്നും അല്ലു അര്‍ജുന്‍ അറിയിച്ചു. കുടുംബത്തിന് 25 ലക്ഷം ധനസഹായം നല്‍കുമെന്നും അല്ലു അര്‍ജുന്‍ വ്യക്തമാക്കി.
സന്ധ്യ തീയറ്ററില്‍ രാത്രി 11 മണിക്കാണ് പ്രീമിയര്‍ ഷോ ഒരുക്കിയത്. തീയറ്ററിന് മുന്നില്‍ മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ നൂറു കണക്കിന് ആരാധകര്‍ തമ്പടിച്ചിരുന്നു. അതിനിടെ അല്ലു അര്‍ജുന്‍ കുടുംബ സമേതം സിനിമ കാണാന്‍ എത്തി. താരത്തെ കണ്ടതോടെ ആരാധകര്‍ തീയറ്ററിലേക്ക് ഇടിച്ചുകയറി. നിയന്ത്രണം നഷ്ടപ്പെട്ടതോടെ പൊലീസ് ലാത്തി വീശി. ഈ തിരക്കിനിടയില്‍ പെട്ടാണ് ഹൈദരാബാദ് സ്വദേശി രേവതി കുഴഞ്ഞു വീഴുന്നത്. ആളുകള്‍ ചിതറി ഓടിയതോടെ ഇവരുടെ ദേഹത്തേക്ക് നിരവധിപേര്‍ വീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ അല്ലു അര്‍ജുനെതിരെയും അദ്ദേഹത്തിന്റെ സുരക്ഷ സംഘത്തിനെതിരെയും, തീയറ്റര്‍ മാനേജ്‌മെന്റിനെതിരെയും പൊലീസ് കേസെടുത്തു. താരം എത്തുന്നത് പൊലീസിനെ മുന്‍കൂട്ടി അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
link https://thrissurtimes.com/?p=12533