തൃശൂർ: യുവതിയെ ഭീഷണിപ്പെടുത്തി ഏഴരലക്ഷം രൂപയും 30 പവൻ സ്വർണവും തട്ടിയെടുത്തെന്ന കേസിൽ വ്ലോഗർ കൂടിയായ അഭിഭാഷകൻ അറസ്‌റ്റിൽ. എറണാകുളം കടവന്ത്ര കാടായിക്കൽ ജയശങ്കർ മേനോൻ ആണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. യുവതിയുടെ പരാതിയിൽ റജിസ്‌റ്റർ ചെയ്‌ത എഫ്ഐആറിൽ കണ്ടെത്തിയ വിവരങ്ങളിങ്ങനെ: കഴിഞ്ഞ വർഷം ജനുവരി 14 മുതൽ ഡിസംബർ 30 വരെ പ്രതി യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. യുവതിയുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. പരാതിക്കാരിയുടെ അക്കൗണ്ടിൽ നിന്ന് പ്രതിയുടെ അക്കൗണ്ടിലേക്കു പല തവണയായി 7.61 ലക്ഷം രൂപ ഭീഷണിപ്പെടുത്തി കൈമാറ്റം ചെയ്യിച്ചു. 30 പവൻ സ്വർണാഭരണങ്ങളും കൈവശപ്പെടുത്തി. എസ്ഐ ബി. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്‌റ്റ് ചെയ്തത്.