നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിനെ മൂന്നാം തവണയും പിണറായി വിജയൻ നയിക്കും. തുടർച്ചയായി രണ്ട് ടേം കഴിഞ്ഞ പിണറായി വിജയന് ഇളവ് നൽകും. പ്രചാരണം നയിക്കുന്നത് പിണറായി വിജയൻ ആയിരിക്കുമെന്നും, മറ്റ് പേരുകൾ പരിഗണനയിൽ ഇല്ലെന്നും സിപിഐഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ നേതൃമാറ്റമുണ്ടാകുമോ എന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ അത്തരം സംശയങ്ങൾക്കും അഭ്യൂഹങ്ങൾക്കുമെല്ലാം വിരാമമിടുകയാണ് സിപിഐഎമ്മിൻ്റെ കേന്ദ്ര നേതൃത്വം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ നയിക്കുമെന്നാണ് കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നത്. രണ്ട് ടേം നിബന്ധന സിപിഐഎമ്മിന് തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നു. ഇത്തവണ അത് കർശനമാകില്ലെന്നാണ് സൂചന. പിണറായി വിജയന് മൂന്നാമതും മത്സരിക്കാനുള്ള ഇളവ് നൽകും. ഇനി എന്തെങ്കിലും മാറ്റമുണ്ടാവുകയാണെങ്കിൽ അത് പിണറായി വിജയൻ്റെ വ്യക്തിപരമായ താത്പര്യമനുസരിച്ചായിരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു.നേതാക്കളുടെ പെരുമാറ്റം മാന്യമാകണമെന്നും നിർദേശമുണ്ട്. പാർട്ടി നേതാക്കളുടെ പെരുമാറ്റം മാന്യമാകണമെന്നാണ് നിർദ്ദേശം.തദ്ദേശഫലം വിലയിരുത്താൻ ചേർന്ന സിപിഐഎം നേതൃയോഗത്തിലാണ് നിർദ്ദേശം. നേതാക്കളുടെ പെരുമാറ്റത്തെ കുറിച്ച് സമൂഹത്തിൽ വിമർശനമുണ്ട്. താഴെത്തട്ടിൽ നന്നായി പെരുമാറുന്നവർ ഉളളതുകൊണ്ടാണ് വലിയ തകർച്ച ഉണ്ടാകാതിരുന്നത്. പ്രാദേശിക നേതാക്കൾക്കെതിരായ അഴിമതി ആക്ഷേപത്തിൽ ഉപരി കമ്മിറ്റികൾ ഇടപെടുന്നില്ലെന്നും വിമർശനമുണ്ട്. സഹകരണബാങ്ക് അഴിമതി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും വിമർശനം.


