എരുമപ്പെട്ടി: (തൃശൂർ) വാടകയ്ക്ക് കൊടുത്ത കാർ തിരികെ എടുക്കാൻ ചെന്ന കാറുടമയെ കാർ ഇടിപ്പിച്ച് വധിക്കാൻ ശ്രമം. കാറുടമ കാറിന്റെ ബോണറ്റിൽ അള്ളിപ്പിടിച്ച് തൂങ്ങിക്കിടന്നിട്ടും ഇയാളെ അപകടകരമായ നിലയിൽ വച്ച് കാറോടിച്ച് 7 കിലോമീറ്റർ സംസ്ഥാനപാതയിലൂടെ കൊണ്ടുപോയി. ആലുവ പാനായിക്കുളം സ്വദേശി കൊടിയൻ വീട്ടിൽ സോളമനാണ് അതിക്രമം നേരിട്ട കാറുടമ.
കാറോടിച്ചിരുന്ന തൃശൂർ തിരൂർ പോട്ടോർ സ്വദേശി നാലകത്ത് വീട്ടിൽ ബക്കറിനെ (54) എരുമപ്പെട്ടി പൊലീസ് അറസ്‌റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. രാവിലെ 9 മണിയോടെ എരുമപ്പെട്ടിയിലാണ് സംഭവം.ഒക്ടോബർ 20നാണ് സോളമൻ്റെ കാർ ബക്കർ മാസ വാടകയ്ക്ക് എടുത്തത്. പറഞ്ഞ സമയം കഴിഞ്ഞിട്ടും കാർ തിരികെ കൊടുത്തില്ല. വാടകയും നൽകിയിരുന്നില്ല. കാർ തിരികെ കൊടുക്കാൻ പല തവണ സോളമൻ ആവശ്യപ്പെട്ടങ്കിലും തയാറാകാത്തതിനെ തുടർന്ന് സോളമൻ ബിനാമിപുരം പൊലീസിൽ ബക്കറിനെതിരെ പരാതി നൽകിയിരുന്നു.


