തൃശൂർ: വോട്ടർ പട്ടികയിൽ പേര് ചേർത്തില്ലെന്ന് ചൂണ്ടിക്കാട്ടി സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക സ്വീകരിച്ചില്ല. തൃശൂർ പുത്തൻചിറ പതിനൊന്നാം വാർഡിലെ ട്വന്റി-20 സ്ഥാനാർത്ഥിയായ വിജയലക്ഷ്മിയുടെ നാമനിർദേശ പത്രികയാണ് കളക്ടർ സ്വീകരിക്കാതിരുന്നത്. പതിനാലാം വാർഡിൽ വിജയലക്ഷ്മിക്ക് വോട്ട് ഉണ്ടായിരുന്നില്ല. ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. എന്നാൽ കൃത്യസമയത്ത് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കഴിയാത്തത് തിരിച്ചടിയാകുകയായിരുന്നു. നാമനിർദേശപത്രിക വരണാധികാരി സ്വീകരിക്കാതെ വന്നതോടെ വിജയലക്ഷ്‌മി പൊട്ടിക്കരഞ്ഞു. പഞ്ചായത്ത് സെക്രട്ടറി അടക്കം എൽഡിഎഫിന് വേണ്ടി ഒത്തുകളിച്ചെന്ന് വിജയലക്ഷ്‌മി ആരോപിച്ചു.
വിജയലക്ഷ്മിയും കുടുംബവും പതിനൊന്നാം വാർഡിൽ സ്ഥിരതാമസക്കാരല്ലെന്നും വോട്ട് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് എൽഡിഎഫ് പ്രതിനിധികളാണ് പരാതിയുമായി കളക്ടറെ സമീപിച്ചത്. ഇതിന് പിന്നാലെ വോട്ടർപട്ടികയിൽ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് വിജയലക്ഷ്മി ഹൈക്കോടതിയെ സമീപിച്ചു. വിഷയം കളക്ടർ പുനഃപരിശോധിക്കണം എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇതിന് പിന്നാലെ കളക്ടർ വിജയലക്ഷ്‌മിയെ ഹിയറിങ്ങിന് വിളിക്കുകയും പതിനാലാം വാർഡിൽ വോട്ടനുവധിക്കുകയും ചെയ്‌തു.
ഇക്കാര്യം അന്വേഷിച്ച് പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചെങ്കിലും ഇടപെടൽ ഉണ്ടായില്ലെന്നാണ് വിജയലക്ഷ്‌മി പറയുന്നത്. തിരുവനന്തപുരത്ത് നിന്ന് ഓൺലൈനായി വോട്ടർപട്ടികയിൽ അപ്ഡേറ്റായി വന്നാൽ മാത്രമേ കാര്യമുള്ളൂ എന്ന് പറഞ്ഞ് പഞ്ചായത്ത് സെക്രട്ടറി മടക്കി അയച്ചുവെന്നും ഇവർ പറയുന്നു. തുടർന്ന് ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ കളക്ടർ ഉത്തരവ് കൈമാറുകയായിരുന്നു. അഞ്ചാം തീയതിയായിരുന്നു വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതിയെന്നും കാലാവധി അവസാനിച്ചതുകൊണ്ട് പേര് ചേർക്കാൻ കഴിയില്ലെന്നും കളക്ടർ ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് വിജയലക്ഷ്മി പൊട്ടികരഞ്ഞത്.


