മാള : പോസ്റ്റ് ഓഫീസിൽ തീപിടിത്തത്തെ തുടർന്ന് വൻനാശനഷ്ടം. ഓഫിസിലുണ്ടായിരുന്ന ഏതാനും ഫയലുകളും ജനറേറ്ററും കത്തിനശിച്ചു. വയറിങ്ങും നശിച്ചു. മാള-അന്നമനട റോഡരികിലുള്ള പോസ്റ്റ് ഓഫിസ് കെട്ടിടത്തിൽ വെള്ളിയാഴ്‌ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിനു മുകളിൽ വിരിച്ച പ്ലാസ്റ്റിക് ഷീറ്റിൽ വീണുകിടന്ന കരിയിലകളും കത്തിയതോടെ വലിയ തോതിൽ തീയും പുകയും ഉയർന്നു. ഇതുവഴി നടക്കാനിറങ്ങിയവർ വിവരം അറിയിച്ചതിനെ തുടർന്നെത്തിയ മാള അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് തീയണച്ചത്. ഓഫിസിനകത്ത് കംപ്യൂട്ടറുകളുള്ള മുറിയിലേക്ക് തീപടരുന്നതിനു മുന്‌പേ അണച്ചതിനാൽ നാശനഷ്ടത്തിൻന്റെ തോത് കുറഞ്ഞു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസും ഫൊറൻസിക് സംഘവും പരിശോധന നടത്തി. പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനം താൽക്കാലികമായി അഷ്ടമിച്ചിറ പോസ്റ്റ് ഓഫിസിലേക്ക് മാറ്റി.


