തൃശൂർ മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷം. മറ്റത്തൂർ നാലാം വാർഡിൽ യുഡിഎഫിനായി രണ്ടു സ്ഥാനാർഥികള്‍ രംഗത്തെത്തി. തൃശൂർ ഡിസിസി പ്രസിഡൻ്റ് പണപ്പിരിവ് നടത്തി പുറത്തുനിന്ന് സ്ഥാനാർഥികളെ നിർണയിക്കുന്നു എന്ന ആരോപണത്തെ തുടർന്നാണ് വാർഡിൽ വിമതർ സ്ഥാനാർത്ഥി നിൽക്കുന്നത്.
പ്രാദേശിക തലത്തിലുള്ള നേതാക്കളെ പരിഗണിച്ചില്ല എന്ന വലിയ ആക്ഷേപം ഇതിനിടെ ഉയരുന്നുണ്ട്. പ്രതിഷേധം അതിരുകടന്നതോടെ കഴിഞ്ഞ ദിവസങ്ങളിലായി അൻപതിലധികം കോൺഗ്രസ് പ്രവർത്തകരാണ് തൃശൂരിൽ നിന്ന് രാജിവെച്ചത്. ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റിനെതീരെ പ്രതിഷേധം ആളിപ്പടരുകയാണ്.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയും രാജിയും തുടരുകയാണ്. ജില്ലാ പഞ്ചായത്ത് അടിമാലി ഡിവിഷനിലേക്ക് പാർട്ടി പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടുക്കി ഡിസിസി അംഗം ഇൻഫൻ്റ് തോമസ് രാജിവെച്ചു. താൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


