പാലപ്പിള്ളി:ജനവാസ മേഖലയായ ചെമ്പലംകാട് നടാംപാടത്ത് കാട്ടാനയുടെ ജഡം കണ്ടെത്തി. വേണാട്ട് ചിന്നമ്മയുടെ പറമ്പിലാണ് പിടിയാനയുടെ ജഡം കണ്ടെത്തിയത്. ശനി രാത്രി പട്രോളിങ്ങിനെത്തിയ വനപാലകരാണ് ഏകദേശം നാല് ദിവസത്തെ പഴക്കമുള്ള ആനയുടെ ജഡം കണ്ടെത്തിയത്. പാലപ്പിള്ളിയിൽ നിന്ന് വനപാലകരെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ ആനചരിഞ്ഞതിൻ്റെ കൂടുതൽ വിവരങ്ങൾ അറിയൂവെന്ന് വനപാലകർ അറിയിച്ചു. ഇവിടെ മാസങ്ങളായി കാട്ടാനശല്യമുണ്ട്. വനാതിർത്തികളിലെ സോളാർ വേലി തകർത്താണ് കാട്ടാനകൾ മേഖലയിലേക്ക് എത്തുന്നത്. ആനക്കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ടുപോയ ആനയാകാം ഇതെന്നാണ് കരുതുന്നത്. വെറ്ററിനറി സർജൻമാരായ ഡോ. അരുൺ സത്യൻ, ഡോ. മിഥുൻ എന്നിവരെത്തി പോസ്റ്റ്മോർട്ടം നടത്തി. 25 നും 30 നും ഇടയിൽ പ്രായമുള്ള ആനയാണ് ചരിഞ്ഞത്. ആനയെ ജഡം കണ്ട പറമ്പിൽതന്നെ സംസ്‌കരിക്കുമെന്ന് പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി ഡി രതീഷ് പറഞ്ഞു.


