തൃശൂർ:തൃശൂർ നഗരത്തിലെ പൂങ്കുന്നം റെയിൽവേ ഗേറ്റിന് സമീപമുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ എടിഎം തകർത്ത് പണം കവരാൻ ശ്രമം. ഞായർ പുലർച്ചെ ഒന്നോടെയാണ് സംഭവം. എടിഎമ്മിൻ്റെ അകത്തു കടന്ന മുഖംമൂടിധാരി എടിഎം മെഷീൻ തകർക്കാൻ ശ്രമിച്ചു. സുരക്ഷാ അലാറം അടിച്ചതോടെ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.സംഭവത്തിൽ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. ബാങ്ക് അധികൃതർ പൊലീസിനെ വിവരം അറിയിച്ചത് പുലർച്ചെ മൂന്നരയ്ക്കാണ്. ഷൊർണൂർ റോഡിൽ നടന്നത് പോലെ ഉത്തരേന്ത്യൻ സംഘമല്ല മോഷണശ്രമത്തിന് പിന്നില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. ഒരാളാണ് കുറ്റകൃത്യത്തിന് പിന്നില്ലെന്നാണ് പ്രാഥമിക നിഗമനം. മുഖം മൂടി ധരിച്ചയാൾ എടിഎമ്മിൽ കയറുന്നതിൻ്റെയും പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രദേശത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് ഇയാൾ വന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ശ്രമം. വിരലടയാള വിദഗ്ധർ സംഭവ സ്ഥലത്ത് പരിശോധന നടത്തി. സൂചന പ്രകാരം പ്രദേശത്തുള്ളയാളാണ് പ്രതിയെന്ന് സിറ്റി പൊലീസ് കമീഷണർ നകുൽ രാജേന്ദ്ര ദേശ്‌മുഖ് പറഞ്ഞു. പ്രതിയെ പിടികൂടാനായി രണ്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എസിപി കെ ജി സുരേഷിൻ്റെ മേൽനോട്ടത്തിലാണ് അന്വേഷണം.


