കോടാലി:വെള്ളിക്കുളങ്ങര റേഞ്ചിലെ വിവിധ ഭാഗങ്ങളിൽനിന്നും ചന്ദനം മുറിച്ച് കടത്തിയ കേസിൽ ഒരാൾ പിടിയിൽ. കൊടുങ്ങ മഞ്ഞപ്പിള്ളി വീട്ടിൽ വിഷ്‌ണു(28 )ആണ് പിടിയിലായത്. ഇഞ്ചക്കുണ്ട് ഭാഗത്ത്നിന്ന് ചന്ദനം മുറിക്കുന്ന സമയത്ത് നാട്ടുകാരുടെ സഹായത്തോടെ പിടികൂടാനൊരുങ്ങുമ്പോൾ മൂവർ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.തുടർന്ന് നടത്തിയ തിരച്ചിലിൽ വിഷ്‌ണുവിനെ വനം വകുപ്പ് ജീവനക്കാർ പിടികൂടി. റേഞ്ച് പരിധിയിൽനിന്ന് ചന്ദനം മുറിച്ച് കടത്തിയ ആറ് വിവിധ കേസുകളിൽ പ്രതിയാണ് വിഷ്ണു. പ്രതിയെ റിമാൻഡ് ചെയ്‌തു. കേസിലെ മറ്റുപ്രതികളായ മാവിൻചുവട് പുതുശ്ശേരി വീട്ടിൽ ജോയി (വീരപ്പൻ ജോയ്), എറണാകുളം ഗോതുരുത്ത് ദേശത്ത് വാടപ്പുറത്ത് മനു എന്നിവരുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. പ്രതികൾക്ക് അന്യസംസ്ഥാന ചന്ദന കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ എസ് ഷിനോജ് അറിയിച്ചു. മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി എ അനൂപിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം എ രാകേഷ്, കെ എസ് ദീപു, എം സി ഷനിത, കെ ജെ ജിൻഷ, ഡ്രൈവർ ടി കെ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെപിടികൂടിയത്.


