അങ്കമാലി: പണിമുടക്ക് ദിനത്തിൽ ഔദ്യോഗിക വാഹനത്തിൽ സഞ്ചരിച്ച തൃശൂർ മേയർ എം.കെ. വർഗീസിനെ അങ്കമാലിയിൽ സമരക്കാർ തടഞ്ഞ് വഴിതിരിച്ചുവിട്ടു. രാവിലെ 10നാണ് എറണാകുളത്തേക്ക് പോവുകയായിരുന്ന വാഹനം അങ്കമാലി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ഇടതുമുന്നണി പ്രവർത്തകർ തടഞ്ഞത്.
പ്രകടനം നടത്തിയ ശേഷം പ്രതിഷേധയോഗം ചേരുന്നതിനിടെയായിരുന്നു സംഭവം. തൊട്ട് പിറകിൽ വന്ന ചരക്ക് ലോറികളും തടഞ്ഞു. എൽ.ഡി.എഫ് മേയറാണെന്ന് അറിഞ്ഞതോടെ ചില നേതാക്കൾ ഇടപെട്ട് വാഹനം കടത്തിവിടാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ കാർ വളഞ്ഞ് ബഹളം വെച്ചു. തൊഴിലാളികളെ സമരത്തിന് പറഞ്ഞുവിട്ട് നേതാക്കളുടെ സുഖയാത്ര പോകുകയാണോ എന്നും ഇത് നാണക്കേടാണെന്നും പ്രവർത്തകർ വിളിച്ച് പറഞ്ഞു.
അനുരജ്ഞനത്തിന് വന്ന ചില നേതാക്കളേയും തൊഴിലാളികൾ ആക്ഷേപിച്ചു. അപ്പോഴേക്കും പൊലീസ് സ്ഥലത്തെത്തി വാഹനം കടത്തിവിടാൻ ശ്രമിച്ചെങ്കിലും തൊഴിലാളികൾ സമ്മതിച്ചില്ല. അതോടെ പിന്നോട്ടെടുത്ത് അങ്ങാടിക്കടവ് കവലയിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ടി.ബി ജങ്ഷൻ വഴിയാണ് പിന്നെ സഞ്ചരിച്ചത്.


