അന്തിക്കാട്: പഞ്ചായത്തിലെ അഞ്ച് ആറ് വാർഡുകളിൽ വീടുകൾ വെള്ളക്കെട്ടിലായിട്ട് ദിവസങ്ങൾ കഴിയുന്നു. ടോയ്‌ലറ്റുകൾ ഉപയോഗിക്കാൻ സാധിക്കാതെയും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയാതെയും നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്.
ഇവിടെയുള്ള അധിക ജലം ഒഴുക്കി കളയാൻ നടപടികൾ എടുക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് ആക്ഷേപം. പാറളം, ചാഴൂർ, ചേർപ്പ്, താന്ന്യം, പുള്ള് പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ നിന്നും മറ്റുമുള്ള ജലം അന്തിക്കാട് കോൾപ്പാടശേഖരത്തിലൂടെ മണലൂർ താഴം കോൾപ്പാടങ്ങൾ വഴി ഫേസ് കനാലിൽ എത്തി ഏനാമാക്കൽ റെഗുലേറ്ററിലൂടെയാണ് കടലിലേക്ക് ഒഴുകുന്നത്. എന്നാൽ അന്തിക്കാട് കോൾപ്പാടശേഖരത്തിൽ നിന്നുള്ള വെള്ളം കടന്നുപോകണമെങ്കിൽ മണലൂരിലെ കാഞ്ഞാൺ, മണലൂർത്താഴം കോൾപ്പാടശേഖരങ്ങളുടെ ബണ്ടുകൾ താൽക്കാലികമായി പൊളിക്കണം. നിലവിൽ ബണ്ടുകൾ കവിഞ്ഞൊഴുകുന്ന വെള്ളം മാത്രമാണ് നിലവിൽ കടലിലേക്ക് ഒഴുകുന്നത്. ഇതാണ് വെള്ളക്കെട്ട് ഒഴിയാതെ നിൽക്കുന്നതിനുള്ള പ്രധാന കാരണമെന്ന് നാട്ടുകാർക്ക് പറയുന്നു. പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ചൊവ്വ രാവിലെ 10ന് സബ് കലക്ടറുടെ ചേംബറിൽ യോഗം വിളിച്ചിട്ടുണ്ട്. അന്തിക്കാട്, താന്ന്യം, ചാഴൂർ, മണലൂർ, അരിമ്പൂർ, പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ,കോൾപ്പാടശേഖരങ്ങളുടെ പ്രതിനിധികൾ, കൃഷി, വില്ലേജ്, ഓഫീസർമാർ എന്നിവർ പങ്കെടുക്കും. പഞ്ചായത്ത് പ്രസിഡൻ്റ് ജീനനന്ദൻ, വൈസ് പ്രസിഡന്റ് പി എസ് സുജിത്ത്, അംഗങ്ങളായ ലീന മനോജ്, ശരണ്യ രജീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി കെ കൃഷ്ണകുമാർ, വില്ലേജ് ഓഫീസർ ജെ ജനേഷ്, കൃഷി ഓഫീസർ ശ്വേത എന്നിവർ സ്ഥലം സന്ദർശിച്ചു.