തൃശൂർ:കനത്ത മഴയിൽ ജില്ലയിൽ 26 വീടുകൾ കൂടി തകർന്നു. മൂന്നു വീടുകൾ പൂർണമായും 23 വീടുകൾ ഭാഗികമായും തകർന്നു. ഇതോടെ ജില്ലയിൽ തകർന്ന വീടുകളുടെ എണ്ണം 243 ആയി. കൊടുങ്ങല്ലൂർ, തൃശൂർ, ചാവക്കാട്, മുകുന്ദപുരം താലൂക്കുകളിലായി 14 ക്യാമ്പാണ് പ്രവർത്തിക്കുന്നത്. 257 പേർ ക്യാമ്പിൽ കഴിയുന്നുണ്ട്. ചൊവ്വാഴ്‌ച മൂന്ന് ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു. മുകുന്ദപുരം താലൂക്കിൽ മാത്രം എട്ട് ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമാണ്. കടപ്പുറം പഞ്ചായത്തിൽ തൊട്ടാപ്പ് മുതൽ അഴിമുഖം വരെയും ശ്രീനാരായണപുരം പഞ്ചായത്തിന്റെ തീരപ്രദേശത്തും കടലാക്രമണം രൂക്ഷമാണ്. തൃശൂർ കണ്ണാറ ഹണി പാർക്കിന് സമീപം റോഡിലെ കുഴിയിൽ സ്‌കൂൾ വാഹനം താഴ്ന്ന്. വാഹനത്തിൽ കുട്ടികളുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. തിങ്കളാഴ്‌ച രാത്രി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പീച്ചി റോഡിലേക്ക് വൻമരം വീണു. ഗതാഗതം തടസ്സപ്പെട്ടു. തൃശൂർ അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പെയ്‌തത് 74.4 മില്ലീ മീറ്റർ മഴ ജില്ലയിൽ 24 മണിക്കൂറിനിടെ 74.4 മില്ലീമീറ്റർ മഴയാണ് പെയ്‌തത്. വെള്ളാനിക്കരയിലെ ഓട്ടോമാറ്റിക്ക് വെതർ സ്‌റ്റേഷനിലെ കണക്ക് പ്രകാരമാണിത്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.
കുന്നംകുളത്താണ്. 68 മില്ലീമീറ്റർ.
വടക്കാഞ്ചേരിയിൽ 59–ഉം ഏനാമാക്കൽ 45 മില്ലീമീറ്ററും മഴ ലഭിച്ചു. ജില്ലയിൽ ഈ മാസം ഒന്നുമുതൽ 17 വരെ 433.2 മില്ലീ ലിറ്റർ മഴ ലഭിച്ചു. ജില്ലയിൽ ലഭിക്കേണ്ട മഴയേക്കാൾ നാല് ശതമാനം കൂടുതലാണിത്. ഇന്ന് മഞ്ഞ അലർട്ട് ജില്ലയിൽ ബുധനാഴ്‌ച മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കും. ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ റെഡ് അലർട്ടാണ്. ഡാം ജലനിരപ്പ് പീച്ചിയിൽ 30 ശതമാനവും വാഴാനി ഡാമിൽ 42 ശതമാനവും ചിമ്മിനിയിൽ 62 ശതമാനവും വെള്ളമുണ്ട്. പീച്ചിയിൽ 71.98 മീറ്ററും വാഴാനിയിൽ 53.51 മീറ്ററും ചിമ്മിനിയിൽ 68.12 മീറ്ററും വെള്ളമുണ്ട്. ഷോളയാർ ഡാമിന്റെ സംഭരണശേഷി 2663 അടിയാണ്. നിലവിൽ ജലനിരപ്പിൽ 2615.70 അടി വെള്ളമുണ്ട്.
പെരിങ്ങൽക്കുത്ത് ഡാമിൽ 423.98 മീറ്റർ ജലനിരപ്പിൽ 420.50 മീറ്റർ വെള്ളവുമാണുള്ളത്. മുൻകരുതലിൻ്റെ ഭാഗമായി പെരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തേക്ക് വിടുന്നുണ്ട്.


