Wednesday, February 11, 2026
HomeEntertainment“രാജേന്ദ്രാ, നീ ഇത്ര ഭയങ്കരനായ വിവരം ഞാനറിഞ്ഞില്ല''സത്യൻ അന്തിക്കാടിനോട് മകൻ
spot_img

“രാജേന്ദ്രാ, നീ ഇത്ര ഭയങ്കരനായ വിവരം ഞാനറിഞ്ഞില്ല”സത്യൻ അന്തിക്കാടിനോട് മകൻ

‘രാജേന്ദ്രാ, നീ ഇത്ര ഭയങ്കരനായ വിവരം ഞാനറിഞ്ഞില്ല.’

ഇത് സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സിനിമയിൽ മോഹൻലാൽ ശ്രീനിവാസനോടു പറയുന്ന ഡയലോഗാണ്. തന്റെ പഴയ കളിക്കൂട്ടുകാരനെ വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുമ്പോൾ, താനിന്ന് പഴയ രാജേന്ദ്രനല്ലെന്നും കുറ്റവാളികളെ കടിച്ചുകീറാൻ നില്ക്കുന്ന സിംഹമാണെന്നും കോട്ടപ്പള്ളി സുലൈമാൻ എന്ന ഗുണ്ടയെ ഒതുക്കിയവനാണെന്നുമൊക്കെ ഇൻസ്പെക്ടർ രാജേന്ദ്രൻ തട്ടിവിടുന്നു. ആ പൊങ്ങച്ചം കണ്ട് സഹിക്കവയ്യാതെ ഗോപാലകൃഷ്ണപ്പണിക്കർ പറയുന്ന സംഭാഷണമാണ്: ‘രാജേന്ദ്രാ, നീ ഇത്ര ഭയങ്കരനായ വിവരം ഞാനറിഞ്ഞില്ല’ എന്ന്.

ചേരുംപടി ചേർക്കുക എന്നൊരു സമ്പ്രദായമുണ്ടല്ലോ. അതിനുള്ള ഉദാഹരണമാണ് ഇനി പറയാൻപോകുന്നത് എന്നും എപ്പോഴും എന്ന സിനിമയുടെ ഷൂട്ടിങ് കാക്കനാട് ഇൻഫോപാർക്ക് റോഡിൽ നടക്കുകയാണ്. മഞ്ജു വാര്യരും ലെനയുമുണ്ട്. മഞ്ജുവിന് ഏതോ അവാർഡ് കിട്ടിയ ദിവസമാണ്. കുറെ ചാനലുകാരും പത്രക്കാരുമെത്തിയിട്ടുണ്ട്. പെട്ടെന്നൊരു കാറിൽ നയൻതാര വന്നിറങ്ങി. ഭാസ്കർ ദി റാസ്കൽ എന്ന സിനിമയുടെ ഷൂട്ടിങ് അതിനടുത്തെവിടെയോ നടക്കുന്നുണ്ടായിരുന്നു. ഇടയ്ക്കു കിട്ടിയ ഒഴിവുസമയത്ത് ഞങ്ങളുടെ സെറ്റിലേക്കു വന്നതാണ്. ചാനലുകാരും ഷൂട്ടിങ് യൂണിറ്റിലുള്ളവരുമൊക്കെ നയൻസിനു ചുറ്റും കൂടി. എല്ലാവരോടും ചിരിച്ച്, ചെറിയ തോതിൽ കുശലംപറഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ അവർ സ്ഥലംവിട്ടു. കുറച്ചുകഴിഞ്ഞപ്പോൾ എന്റെ ഫോണിലേക്കു നയൻതാരയുടെ ദീർഘമായ ഒരു മെസേജ് വന്നു.

ഷൂട്ടിങ് അടുത്തു നടക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ എന്നെ കാണാൻ മാത്രമായി ഓടിയെത്തിയതാണെന്നും വിചാരിച്ചതിലും കൂടുതൽ ആളുകളും പത്രക്കാരുമൊക്കെ ഉണ്ടായിരുന്നതുകൊണ്ടാണ് കൂടുതൽ സംസാരിക്കാൻ നില്ക്കാതെ തിരിച്ചുപോന്നതെന്നും അതിലെഴുതിയിരുന്നു. ഒപ്പം ഹൃദയത്തിൽ തൊടുന്ന ചില വാക്കുകളും. ‘സിനിമ എന്ന അദ്ഭുതലോകത്തിൻ്റെ വാതിലുകൾ എനിക്കു മുന്നിൽ തുറന്നുതന്നത് താങ്കളാണ്. താങ്കൾ പ്രതീക്ഷിച്ചതുപോലെയുള്ള അഭിനയമികവ് കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ, ഞാനതിനു ശ്രമിച്ചുകൊണ്ടേയിരിക്കും. ഇതെൻ്റെ ഗുരുവിന് നല്കുന്ന വാക്കാണ്.’

അതിമനോഹരമായ ഇംഗ്ലീഷിലാണ് എഴുത്ത്. സത്യമായും എനിക്കു സന്തോഷം തോന്നി. നയൻതാര സിനിമയിലെത്താൻ ഞാനൊരു നിമിത്തമായി എന്നല്ലാതെ അവരുടെ വളർച്ചയിൽ മറ്റൊരു പങ്കും എനിക്കില്ല. സ്വന്തം കഴിവും ആത്മാർഥമായ പരിശ്രമവും കൊണ്ടാണ് അവർ ഇന്നത്തെ ലേഡി സൂപ്പർ സ്റ്റാറായി മാറിയത്. എങ്കിലും അഭിമാനവും ഒരല്പം അഹങ്കാരവും എൻ്റെ ഉള്ളിൽ തോന്നിയിരിക്കണം. ഞാൻ ആ മെസേജ് എന്റെ മൂന്നു മക്കൾക്കും ഫോർവേഡ് ചെയ്‌തു. മിനിറ്റുകൾക്കുള്ളിൽ മൂത്തമകൻ അരുണിൻ്റെ മറുപടി വന്നു:

‘രാജേന്ദ്രാ, നീ ഇത്ര ഭയങ്കരനായ വിവരം ഞാനറിഞ്ഞില്ല.’

ആ തിരിച്ചടി’ ശരിക്കും ഫലിച്ചു. അപ്പോൾത്തന്നെ ഞാനാ മെസേജ് ഡിലീറ്റ് ചെയ്തു. നമുക്ക് അഹങ്കാരമില്ല, അല്‌പത്തരമില്ല എന്നൊക്കെ വിശ്വസിച്ചിരിക്കുമ്പോഴാണ് നമ്മളറിയാതെ മറ്റേതെങ്കിലും വിധത്തിൽ അത് പുറത്തുചാടുക. തിരുത്തപ്പെടണമെങ്കിൽ ചില തിരിച്ചടികൾ
കിട്ടിയേതീരൂ. സ്വന്തം മകനിൽനിന്നായതുകൊണ്ട് മറ്റാരുമറിയാതെ രക്ഷപ്പെട്ടു. ഇപ്പോൾ വീട്ടിൽ ഞങ്ങൾക്ക് പരസ്‌പരം കളിയാക്കാനുള്ള വാചകമായി അതു മാറി. ആരുടെയെങ്കിലും നാവിൽനിന്ന് പൊങ്ങച്ചത്തിന്റെ സൂചനയുയർന്നാൽ ഉടനെ വരും, ‘രാജേന്ദ്രാ…’എന്ന പ്രയോഗം

മനസ്സിനക്കരെയിലെ ഗൗരിയാകാനുള്ള ആദ്യവരവിൽത്തന്നെ ഞാൻ ഒരുകാര്യം ശ്രദ്ധിച്ചിരുന്നു. തികഞ്ഞ ആത്മവിശ്വാസമുള്ള പെൺകുട്ടിയാണ് നയൻതാര. എങ്ങനെയെങ്കിലും സിനിമയിൽ എത്തിയേതീരു വെന്ന വാശിയൊന്നുമില്ല. ആ കഥാപാത്രത്തിന് ഇണങ്ങുന്നതാണെങ്കിൽ അഭിനയിച്ചുനോക്കാം, ഇല്ലെങ്കിൽ ഒരു മനഃപ്രയാസവുമില്ലാതെ തിരിച്ചു പോകാം അങ്ങനെയൊരു ഭാവമായിരുന്നു. അഭിനയിച്ചുതുടങ്ങുകയും ജയറാമിന്റെയും ഷീലച്ചേച്ചിയുടെയും ഇന്നസെൻ്റിൻ്റെയും ഒടുവിലിൻറെയുമൊക്കെ സ്നേഹപൂർവമായ പ്രോത്സാഹനമുണ്ടാവുകയും ചെയ്തതോടെ സിനിമയോട് ഇഷ്ടം തോന്നിത്തുടങ്ങി. സ്വന്തം വീട്ടിലെ കുട്ടിയായിട്ടേ ഞങ്ങളൊക്കെ കണ്ടിരുന്നുള്ളൂ. സീൻ വിശദീകരിച്ചുകൊടുത്ത് സ്വതന്ത്രമായി അഭിനയിക്കാൻ വിടുകയാണ് ഞാൻ ചെയ്‌തത്‌. തെറ്റുണ്ടെങ്കിൽ സൗമ്യമായി അവർപോലുമറിയാതെ തിരുത്തിക്കൊടുക്കും. അതുകൊണ്ടുതന്നെ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ വിഷമമായിരുന്നു.

മനസ്സിനക്കരെ വലിയൊരു വിജയമാകുകയും അതിലെ ഗൗരിയെ പ്രേക്ഷകർക്ക് ഇഷ്ടമാകുകയും ചെയ്‌തതിനുശേഷമാണ് ഫാസിലിൻ്റെ വിസ്മ‌യത്തുമ്പത്തിലേക്ക് എത്തുന്നത്.

ഇന്ത്യൻ സിനിമയിലെതന്നെ ഏറ്റവും മികച്ച നടന്മാരിലൊരാളായ മോഹൻലാലിന്റെ നായികവേഷം. പരിചയക്കാർ ആരുമില്ലാത്ത ഷൂട്ടിങ് സെറ്റ്. സ്വാഭാവികമായും ചെറിയ സങ്കോചമുണ്ടായിക്കാണും. നാലഞ്ചുദിവസത്തെ ഷൂട്ടിങ്ങിനുശേഷം ഒരുദിവസം നയൻതാര വിളിച്ചു. ഷൂട്ടിങ് സ്ഥലത്ത് പൊതുവേ നല്ല അന്തരീക്ഷമാണ്. എല്ലാവരും വളരെ സ്നേഹത്തോടെയാണ് പെരുമാറുന്നത്. “എങ്കിലും എന്റെ അഭിനയത്തിൽ ഫാസിൽസാർ തൃപ്ത്തനല്ല എന്നൊരു തോന്നൽ.’

‘ഫാസിൽ അങ്ങനെ പറഞ്ഞാ’ എന്ന് ഞാൻ ചോദിച്ചു..

“ പറഞ്ഞില്ല. മട്ടും ഭാവവും കണ്ടിട്ട് അങ്ങനെയൊരു സംശയം.’

ഞാനപ്പോൾ ചിന്തിച്ചത് ഫാസിലിനെപ്പറ്റിയാണ്. ചില കഥാപാത്രങ്ങൾ ചിലർ അഭിനയിച്ചുതുടങ്ങുമ്പോൾ ഇങ്ങനെയല്ല വേണ്ടത് എന്നു തോന്നാറുണ്ട്. ഒന്നുരണ്ട് സിനിമകളിൽ ഈ കാരണംകൊണ്ട് ഞാൻപോലും

നായികമാരെ മാറ്റിയിട്ടുണ്ട്. ഗോളാന്തരവാർത്തയിൽ ശോഭനയ്ക്ക പകരം മറ്റൊരു നടിയായിരുന്നു. വിനോദയാത്രയിലും വേറൊരു നടിയെ പരീക്ഷിച്ചുനോക്കിയതാണ്. മീരാജാസ്മ‌ിൻ വന്നില്ലായിരുന്നെങ്കിൽ അന്ന് ഷൂട്ടിങ് തന്നെ നിർത്തിവെക്കേണ്ടിവരുമായിരുന്നു. അത്തരമൊരു സാഹചര്യമാണെങ്കിൽ അതു പറയാനുള്ള മനഃപ്രയാസത്തിലാകും ഫാസിൽ. വാസ്തവത്തിൽ മറ്റൊരു സിനിമ വേണ്ടെന്നുവെച്ചിട്ടാണ് നയൻതാര വിസ്മയത്തുമ്പത്തിലെത്തുന്നത്. എങ്കിലും ഞാൻ ചോദിച്ചു:

‘ഈ സിനിമയിൽനിന്ന് പിന്മാറേണ്ടിവരികയാണെങ്കിൽ വിഷമമാകുമോ?’ “ഒരു വിഷമവുമില്ല. എന്നെയോർത്ത് മറ്റുള്ളവർ വിഷമിക്കരുതെന്നേയുള്ളൂ,’ തെളിഞ്ഞ മനസ്സോടെയുള്ള മറുപടി.

“എങ്കിൽ അക്കാര്യം ഫാസിലിനോട് നേരിട്ടു പറയൂ’ എന്ന് ഞാൻ പറഞ്ഞു. ഒരു മടിയുമില്ലാതെ അന്നുതന്നെ അവരതു പറയുകയും ചെയ്തു.

പിന്നെ നയൻതാരയുടെ ഫോണിൽ നിന്ന് എന്നെ വിളിക്കുന്നത് ഫാസിൽ തന്നെയാണ്. ചിരിച്ചുകൊണ്ട് ഫാസിൽ പറഞ്ഞു: “ഞാൻ പ്രതീക്ഷിച്ചതിലും നന്നായിട്ടാണ് ഈ കുട്ടി അഭിനയിക്കുന്നത്. എന്തു നിഷ്കളങ്കമായ നോട്ടമാണ്. കഥാപാത്രത്തിൻ്റെ പേടിയും വിഹ്വലതകളുമൊക്കെ എത്ര അനായാസമായാണ് മുഖത്ത് പ്രതിഫലിക്കുന്നത്.

ഞാനതു പറഞ്ഞിരുന്നില്ല എന്നേയുള്ളൂ.’

നയൻതാര ഹാപ്പിയായി.

ഞാൻ പറഞ്ഞു: ‘ഓരോ സംവിധായകർക്കും ഓരോ രീതിയുണ്ട്. മനസ്സിനക്കരെയിൽ ഓരോ ഷോട്ട് കഴിയുമ്പോഴും ഞാനും ജയറാമുമൊക്കെ കൈയടിച്ച് പ്രോത്സാഹിപ്പിക്കും. അത് ആദ്യസിനിമയായതുകൊണ്ടാണ്. ഫാസിലിന്റെ സെറ്റിൽ നയൻതാരയെത്തുന്നത് ഒരു പുതുമുഖമായിട്ടല്ല.’

ചെറിയ കാര്യമാണെങ്കിലും മനസ്സിൽ അങ്ങനെയൊരു സംശയം തോന്നിയപ്പോൾ പക്വതയോടെ അതിനെ നേരിട്ട രീതി എനിക്കിഷ്ടമായി നയൻതാരയുടെ ജീവിതത്തിലുടനീളം ഈ സത്യസന്ധമായ സമീപനമുണ്ട്. അതുതന്നെയാണ് അവരെ ഉയരങ്ങളിലേക്ക് നയിക്കുന്നതും. തന്റെ മനസ്സിന് ശരി എന്ന് തോന്നുന്നതു മാത്രമേ ചെയ്യൂ! സ്വന്തം മനസ്സാക്ഷിക്കനുസരിച്ച് ജീവിക്കാൻ സാധിക്കുക എന്നതൊരു ഭാഗ്യമാണ്. അസാമാന്യമായ ധൈര്യവും ആത്മാർഥതയുമുള്ളവർക്കേ അതു സാധിക്കൂ.

നയൻതാര ജനിച്ചതും വളർന്നതുമൊക്കെ കേരളത്തിന് പുറത്താണ്. സ്വന്തം നാടായ തിരുവല്ലയിൽ വളരെ കുറച്ച് വർഷങ്ങളേ ജീവിച്ചിട്ടുള്ളൂ. എന്നിട്ടും നമ്മളോടു സംസാരിക്കുമ്പോഴും ചാനൽ അഭിമുഖങ്ങളിലു മൊക്കെ പച്ചമലയാളത്തിലേ സംസാരിക്കാറുള്ളൂ. തമിഴ്ചാനലിലാണെങ്കിൽ ശുദ്ധമായ തമിഴ്ഭാഷയിൽ മാത്രം. മറ്റാരെക്കാളും മനോഹരമായി ഇംഗ്ലീഷിൽ സംസാരിക്കാനറിയുന്ന ആളാണ്. പക്ഷേ, ഇംഗ്ലീഷാണ് അറിവിന്റെയും അന്തസ്സിൻ്റെയും അളവുകോലെന്ന് നയൻതാര കരുതി യിട്ടേയില്ല. നിറകുടം തുളുമ്പാറില്ലല്ലോ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments