ഒരു സിനിമയ്ക്കായി നായിക ഭാരമേറിയ സ്വര്‍ണാഭരണങ്ങള്‍ അണിയുക, സുരക്ഷയ്ക്കായി 50 പേരെ പ്രത്യേകം നിയോഗിക്കുക..കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുമെങ്കിലും ഇന്ത്യയില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിലുണ്ടായ സംഭവങ്ങളാണ് ഇതെല്ലാം. ആ സിനിമയിലെ നായികയായി അഭിനയിച്ചത് ഐശ്വര്യ റായ് ആയിരുന്നു, ചിത്രം ജോധ അക്ബറും. 20 കിലോ സ്വര്‍ണമാണ് അന്ന് ഐശ്വര്യ ചിത്രീകരണത്തിനായി അണിഞ്ഞിരുന്നത്.

2008ല്‍ പുറത്തിറങ്ങിയ ഐശ്വര്യ റായ്‌യുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമാണ് ജോധാ അക്ബര്‍. ഐശ്വര്യയുടെ കരിയറിലെ തന്നെ വലിയൊരു വഴിത്തിരിവായിരുന്നു ഈ ചിത്രം. ഹൃതിക് റോഷന്‍, സോനു സൂദ്, നികിതിന്‍ ധീര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഈ ചിത്രം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു.
ചിത്രത്തില്‍ ഐശ്വര്യറായ് ധരിച്ച രാജകീയ വസ്ത്രങ്ങള്‍, സില്‍ക്ക് സാരികള്‍, ലഹങ്കകള്‍, അതിമനോഹരമായ ആഭരണങ്ങള്‍ എന്നിവയെല്ലാം ഐശ്വര്യയുടെ സൗന്ദര്യത്തെ ദ്യോതിപ്പിച്ചിരുന്നു. ഐശ്വര്യ ധരിച്ച മുത്തുകളും മാണിക്യങ്ങളും കൊണ്ട് അലങ്കരിച്ച 20 കിലോയോളം വരുന്ന ആഭരണങ്ങള്‍ 70 കരകൗശല വിദഗ്ധര്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്തതായിരുന്നു.

45 കോടി രൂപ ബജ്ജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം ലോകമെമ്പാടുമായി 107 കോടി കളക്ഷന്‍ നേടുകയുണ്ടായി. 2008 ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രവും കൂടിയായിരുന്നു ഇത്.