തൃശൂർ:അന്താരാഷ്ട്ര സമുദ്ര ദിനാഘോഷങ്ങളുടെ ഭാഗമായി തളിക്കുളം തമ്പാൻകടവ് ബീച്ചിൽ കാർഷിക സർവകലാശാലയിലെ കാലാവസ്ഥാവ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജിലെ വിദ്യാർഥികൾ ശുചീകരണം നടത്തി. വിദ്യാർഥികളും അധ്യാപകരും ചേർന്ന് തീരത്തോട് ചേർന്ന് കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള വസ്‌തുക്കൾ ശേഖരിച്ചു. പ്ലാസ്റ്റിക് ബോട്ടിലുകൾ, ചില്ലു കുപ്പികൾ, കുപ്പിച്ചില്ലുകൾ, മത്സ്യബന്ധന വലയുടെ ഭാഗങ്ങൾ, തുണിത്തരങ്ങൾ, ഡയപ്പറുകൾ തുടങ്ങി 200 കിലോ മാലിന്യമാണ് ശേഖരിച്ചത്. ഇവ തരംതിരിച്ച് ഹരിതകർമസേനക്ക് കൈമാറി. പരിസ്ഥിതി സംരക്ഷണത്തിൽ ജനസമൂഹത്തിന്റെ പങ്കാളിത്തം നിർണായകമാണെന്ന സന്ദേശം ഉയർത്തി തളിക്കുളം പഞ്ചായത്തും കാലാവസ്ഥാവ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.