തൃശൂർ:നഗരത്തിൽ ഇരുമ്പു മേൽക്കൂര റോഡിലേക്കു നിലംപതിച്ച സംഭവത്തിനു ശേഷവും അപകടാവസ്‌ഥയിലുള്ള കെട്ടിടങ്ങളുടെ കാര്യത്തിൽ മൗനം തുടരുന്നുവെന്നാരോപിച്ച് കൗൺസിൽ ഹാളിൽ മേയർ എം.കെ.വർഗീസിനെ വളഞ്ഞ് കോൺഗ്രസ്-ബിജെപി അംഗങ്ങളുടെ പ്രതിഷേധം. പതിവിൽ നിന്ന് വ്യത്യസ്‌തമായി കൗൺസിൽ യോഗം ആരംഭിച്ചുടൻ ഭരണപക്ഷത്തെ കൗൺസിലർമാരെ സംസാരിക്കാൻ അനുവദിച്ചതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലന്റെ നേതൃത്വത്തിൽ കൗൺസിലർമാർ മേയറുടെ ഇരിപ്പിടം വളഞ്ഞ് മുദ്രാവാക്യം വിളിച്ചു.
വിനോദ് പൊള്ളഞ്ചേരിയുടെ നേതൃത്വത്തിൽ ബിജെപി അംഗങ്ങളും ചേർന്നതോടെ ബഹളം കനത്തു. കോൺഗ്രസ് അംഗങ്ങൾ അജൻഡ കീറിയെറിഞ്ഞു. ജനങ്ങളുടെ ജീവനു വിലകൽപിക്കാത്ത മേയർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട പ്ലക്കാർഡുകളും ഡിവിഷനുകളിൽ പലയിടത്തും പൈപ്പിൽ വരുന്ന കലങ്ങിയ വെള്ളം കുപ്പിയിലാക്കിയതും ഉയർത്തിക്കാട്ടിയായിരുന്നു ബിജെപിയുടെ പ്രതിഷേധം. ഭരണപക്ഷ അംഗങ്ങൾ സീറ്റിലിരുന്ന് സ്‌റ്റീൽ ഗ്ലാസുകളും പാത്രങ്ങളും പരസ്‌പരം കൊട്ടിയും കൂക്കിവിളിച്ചും ശബ്ദമുണ്ടാക്കി പ്രതിപക്ഷ അംഗങ്ങളെ ചൊടിപ്പിച്ചു.
പ്രതിഷേധത്തിനിടയിലൂടെ അജൻഡ വായിച്ചു തുടങ്ങിയതോടെ മുദ്രാവാക്യം വിളിയും കനത്തു. പ്രതിഷേധം അവസാനിപ്പിച്ച് സീറ്റിലേക്കു മടങ്ങാൻ പലതവണ ആവശ്യപ്പെട്ടിട്ടും പിന്തിരിയാതെ വന്നപ്പോൾ ബെല്ലടിച്ച് യോഗം പിരിച്ചുവിട്ട് മേയർ ചേംബറിലേക്കു പോയി. കൗൺസിൽ ഹാളിൽ സമാന്തര യോഗം ചേർന്ന് കോൺഗ്രസ് അംഗങ്ങളും മേയറുടെ ചേംബറിനു മുൻപിൽ കുത്തിയിരുന്ന് ബിജെപി അംഗങ്ങളും പ്രതിഷേധം തുടർന്നു.