വരന്തരപ്പിള്ളി:യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കണ്ണാറ കരടിയള തെങ്ങനാൽ കുഞ്ഞുമോന്റെ (49) അറസ്‌റ്റ് പൊലീസ് രേഖപ്പെടുത്തി. കുഞ്ഞുമോന്റെ ഭാര്യ ദിവ്യ (35) ശനിയാഴ്ച്‌ചയാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെത്തുടർന്നുള്ള തർക്കത്തിൽ കുഞ്ഞുമോൻ നൈലോൺ ചരട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് പറഞ്ഞു. വേലൂപ്പാടം വെട്ടിങ്ങപ്പാടം പാറയ്ക്ക് ഗംഗാധരൻ്റെയും ഷീലയുടെയും മകളാണ് ദിവ്യ
ഇന്നലെ കുഞ്ഞുമോനെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കൊലയ്ക്ക് ഉപയോഗിച്ച ചരട് വീടിനുസമീപമുള്ള കുളത്തിൽനിന്നു കണ്ടെടുത്തു. ശനി വൈകിട്ട് കടുത്ത പനിയെത്തുടർന്ന് ദിവ്യ ഗുളിക കഴിച്ചശേഷം മരിച്ചുവെന്നായിരുന്നു പറഞ്ഞത് ഞായർ രാവിലെ മൃതദേഹം ഇൻക്വസ്‌റ്റ് നടത്താനെത്തിയ വരന്തരപ്പിള്ളി പൊലീസിന് ദുരൂഹത തോന്നി.
കഴുത്തിലും മറ്റും പാടുകളുണ്ടായത് സംശയം ജനിപ്പിച്ചു. ഇതോടെ ഫൊറൻസിക്, വിരലടയാള വിദഗ്‌ധരെ സ്‌ഥലത്തെത്തിച്ച് പരിശോധന നടത്തി. പോസ്‌റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ട് വരെ പൊലീസ് കാത്തിരുന്നു. ഇതിനിടെ മൊഴിയെടുക്കുന്നതിന്റെ ഭാഗമായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ കുഞ്ഞുമോനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിനുശേഷം ഞായർ രാത്രി വൈകി അറസ്‌റ്റ് രേഖപ്പെടുത്തി ചാലക്കുടി ഡിവൈഎസ്‌പി പി. സി.ബിജുകുമാറിന്റെ നേതൃത്വത്തിൽ വരന്തരപ്പിള്ളി എസ്എച്ച്‌ഒ കെ.പി.മനോജ്, എസ്ഐമാരായ അശോക് കുമാർ, പ്രദീപ് കുമാർ, എഎസ്ഐ അലീമ, എസ്‌സിപിഒമാരായ മുരുകദാസ്, സലീഷ് കുമാർ, സജീവ് എന്നിവരുടെ നേത്യത്വത്തിലാണ് അന്വേഷണം നടത്തിയത്.