ഗുരുവായൂർ: ബസ് യാത്രക്കിടെ പരിചയപ്പെട്ട 15 വയസ്സുകാരിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച ബസ് ഡ്രൈവറേയും പീഡനത്തിന് ഒത്താശ ചെയ്‌തയാളേയും ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്‌തു.
തൃശൂർ- കുന്നംകുളം റൂട്ടിലോടുന്ന ‘മരക്കാർ’ ബസ് ഡ്രൈവർ മറ്റം വാക സ്വദേശി പാലത്ത് വീട്ടിൽ അക്ബർ(42), രണ്ടാം പ്രതി പത്തനംതിട്ട കൂടൽ സ്വദേശിയായ പടിഞ്ഞാറേ നടയിലെ ലോഡ്‌ജ് ജീവനക്കാരൻ എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജി അജയകുമാറും സംഘവും അറസ്റ്റ് ചെയ്തത്. 15 കാരിയെ കേച്ചേരി തലക്കോട്ടുകരയിലെ സുഹൃത്തിന്റെ വീട്ടിൽക്കൊണ്ടുപോയി പീഡിപ്പിച്ച ഒന്നാം പ്രതി പിന്നീട് ഗുരുവായൂർ പടിഞ്ഞാറേ നടയിലുള്ള ഗോവിന്ദം റെസിഡൻസി ലോഡ്‌ജിലെത്തിച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്. ലോഡ്‌ജിൽ പീഡനത്തിന് ഒത്താശയ സംഭവത്തിലാണ് രണ്ടാം പ്രതി അറസ്റ്റിലായത്. എസ് ഐ പ്രീതാബാബു, എ എസ് ഐമാരായ കെ വിനയൻ, പി കെ സിന്ധു, എസ്‌സിപിഒ കെ രഞ്ജിത്ത്, സിപിഒമാരായ കെ എ സൗമ്യശ്രീ, എസ് ജെ അനൂപ് എന്നിവരും പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.
കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.