അനാമിക കൃഷ്ണൻ
പാതിയിൽ വീണുടഞ്ഞു പോയ ഒരു കണ്ണുനീർത്തുള്ളി ആയിരുന്നു ഫിലിപ്പ് മാഷ്.ഗസൽ ഗായകൻ സംഗീത സംവിധായകൻ എന്നീ നിലകളിൽ ഇനിയും ഒരുപാട് മുന്നോട്ട് കുതിക്കാൻ ഉള്ളപ്പോൾ ആയിരുന്നു അദ്ദേഹത്തെ മരണം കൂട്ടിക്കൊണ്ടു പോയത് .
ശാസ്ത്രീയമായ സംഗീതപാഠങ്ങളും പ്രായോഗിക സംഗീതവും അദ്ദേഹത്തിൽ ഭദ്രമായിരുന്നു .ബഹുമുഖ കലാകാരനായിരുന്നു അദ്ദേഹം .തബലയിലും , ഗിറ്റാറിലും , കീബോർഡിലും ഫിലിപ്പ് മാഷിന് തന്റേതായ കയ്യടക്കം ഉണ്ടായിരുന്നു
1964 നവംബർ 5ന് തൃശൂരിൽ ജനിച്ച ഫിലിപ്പ് തൃശൂരിലെ നീലാംബരി എന്ന സംഗീതട്രൂപ്പിൽ കോംഗോ പ്ലേയറായാണ് സംഗീത ജീവിതം ആരംഭിച്ചത്.. സുഹൃത്തും സംഗീതജ്ഞനുമായിരുന്നു ജീബോയിയിൽ നിന്നാണ് ഡ്രംസ് അഭ്യസിച്ചത്. തുടർന്ന് ഡൽഹി ഖരാനയിലെ ഉസ്താദ് ഫയാസ് ഖാന്റെ കീഴിൽ തബല അഭ്യസിച്ചു. തിരികെ വന്ന ശേഷം കർണ്ണാടക സംഗീതവും മൃദംഗവും പഠിച്ചു. വെസ്റ്റേൺ മ്യൂസിക്കിലും ഗിറ്റാറിലും അവഗാഹം നേടിയ ശേഷം പള്ളികളിലെ ക്വയർ, മറ്റ് സൗഹൃദ സംഘങ്ങൾ എന്നിവയിലൂടെ സംഗീത പരിപാടികൾ, ഗസലുകൾ തുടങ്ങിയവ അവതരിപ്പിച്ച് ശ്രദ്ധ നേടി. സംഗീത സംവിധായകന്റെ അസിസ്റ്റന്റായി ഇക്കാലയളവിൽ ജോലി ചെയ്തു. ദൂരദർശന്റെയും ദേശീയ ശ്രദ്ധ നേടിയ സംഗീത പ്രോഗ്രാമുകളിലുമൊക്കെ തബല വാദകൻ ആയിരുന്ന ഫിലിപ്പ് ഓൾ ഇന്ത്യാ റേഡിയോയുടെ ഗ്രേഡഡ് ആർട്ടിസ്റ്റ് കൂടിയായിരുന്നു.
ഗസലുകളും മറ്റും അവതരിപ്പിച്ച് പോന്ന ഫിലിപ്പ് ഗായത്രി അശോകൻ, അൽഫോൻസ് ജോസഫ് തുടങ്ങിയ സംഗീതജ്ഞരിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്നു. നിരവധി ആൽബങ്ങൾക്ക് സംഗീതം നിർവ്വഹിച്ചിട്ടുള്ള ഫിലിപ്പ് സിനിമയിലും പങ്കാളിയായിരുന്നു.
ഫിലിപ്പിന്റെ ഓർമ്മയ്ക്കായി "പിയാനോ" എന്ന ഒരു സംഘടനയ്ക്ക് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ രൂപം കൊടുത്തിരുന്നു. എസ് ജാനകിയും ഉസ്താദ് ഫയാസ് ഖാനുമാണ് പിയാനോയുടെ ആദ്യ ഷോ ഉദ്ഘാടനം ചെയ്തിരുന്നത്.
തൃശ്ശൂരിന്റെ സ്വന്തം സംഗീതജ്ഞനായിരുന്നു ഫിലിപ്പ് മാഷ് ഓർമ്മയായത് ഇതുപോലെ ഒരു മാർച്ച് നാലാം തിയതി ആയിരുന്നു
വഴിതെറ്റി വന്ന ഒരു ബൈക്ക് അപകടം ആയിരുന്നു മാഷിന്റെ ജീവൻ എടുത്തത് .