തിരുവില്വാമല:മധ്യ കേരളത്തിലെ ഉത്സവങ്ങളുടെ കൊട്ടിക്കലാശമായ പറക്കോട്ടുകാവ് താലപ്പൊലി വർണാഭമായി ആഘോഷിച്ചു പടിഞ്ഞാറ്റുമുറി, കിഴക്കുമുറി, പാമ്പാടി ദേശങ്ങളുടെ നേതൃത്വത്തിലാണ് താലപ്പൊലി ആഘോഷം. ഞായറാഴ്‌ച കിഴക്കുമുറി ദേശത്തിൻ്റെ നേതൃത്വത്തിൽ മല്ലിച്ചിറക്കാവിൽ രാവിലെ 10ന് പറവെപ്പ്, കേളി, കൊമ്പ് പറ്റ്, മേള എന്നിവ നടന്നു. ഉച്ചയ്ക്ക് 12.30ന് തുടങ്ങിയ എഴുന്നള്ളിപ്പ് മൂന്നിന് ചുങ്കം സെൻ്ററിലും നാലരയോടെ താലപ്പൊലി പാറയിലും എത്തിച്ചേർന്നു. പടിഞ്ഞാറ്റുമുറി ദേശം ഭഗവതിയുടെ ശ്രീമൂല സ്ഥാനമായ വടക്കേകൂട്ടാല ദേവീ ക്ഷേത്രത്തിൽനിന്ന് രാവിലെ 730ന് എഴുന്നള്ളിപ്പ് തുടങ്ങി വില്വാദ്രിനാഥ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറേനടയിൽ പഞ്ചവാദ്യം നടത്തി ഒരലാശേരിയിൽനിന്നും ഓടിട്ട കൂട്ടാലക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട എഴുന്നള്ളിപ്പുകളും ചേർന്ന് രാവിലെ പത്തോടെ കൊച്ചുപറക്കോട്ടുകാവിൽ എത്തിച്ചേർന്ന് പഞ്ചവാദ്യം നടത്തി. പകൽമുന്നിന് കാവിലേക്ക് പുറപ്പെടുന്ന എഴുന്നള്ളിപ്പ് അഞ്ചോടെ താലപ്പൊലി പാറയിൽ എത്തിച്ചേർന്നു പാമ്പാടി ദേശത്തിൻറെ നേതൃത്വത്തിൽ മന്ദം ഭദ്രകാളി ക്ഷേത്രത്തിൽ രാവിലെ 8.30ന് പറവെപ്പ്. കേളിപറ്റ്, പഞ്ചവാദ്യം എന്നിവ നടന്നു. പകൽ 1.15ന് ആരംഭിച്ച എഴുന്നള്ളിപ്പ് നാലിന് വില്വാദ്രിനാഥ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറേ നടയിൽ പഞ്ചവാദ്യം നടത്തി നാലരയോടെ താലപ്പൊലി പാറയിൽ എത്തിച്ചേർന്നു. തുടർന്ന് ആറിന് മുന്ന് ദേശങ്ങളുടെ ആനകൾ നിരക്കുന്ന കുട്ടിയെഴുന്നള്ളിപ്പിനും കുടമാറ്റത്തിനും താലപ്പൊലിപ്പാറ വേദിയായി. കല്ലൂർ ഉണ്ണിക്കൃഷ്‌ണൻ്റെ പ്രാമാണ്യത്തിൽ സംയുക്ത മേളവും അരങ്ങേറി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പടിഞ്ഞാറ്റുമുറിക്കും പുതുപ്പള്ളി കേശവൻ കിഴക്കുമുറിക്കും തിരുവമ്പാടി ചന്ദ്രശേഖരൻ പാമ്പാടിക്കും തിടമ്പേറ്റി. ചോറ്റാനിക്കര നന്ദപ്പൻ മാരാർ പടിഞ്ഞാറ്റുമുറിക്കും വൈക്കം ചന്ദ്രൻ മാരാർ കിഴക്കുമുറിക്കും ചോറ്റാനിക്കര സുഭാഷ് മാരാർ പാമ്പാടിക്കും വാദ്യപ്രാമാണ്യം വഹിച്ചു കരിവേഷങ്ങൾ ഇറങ്ങുന്നതും താലപ്പൊലിയുടെ പ്രത്യേകതയാണ്. കുട്ടിയെഴുന്നള്ളിപ്പിനുശേഷം കാവേറ്റം നടത്തി രാത്രി എട്ടരയോടെ പാമ്പാടി ദേശം വെടിക്കെട്ട് നടത്തി.


