തൃശൂർ:നവകേരള സൃഷ്ടിക്കായുള്ള പദ്ധതികളുമായി മുന്നേറുന്ന എൽഡിഎഫ് സർക്കാർ മൂന്നാംതവണയും അധികാരത്തിലേറുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു സർക്കാർ നാലാം വാർഷിക ആഘോഷങ്ങളിലെ ജനപങ്കാളിത്തം ഇത് വ്യക്തമാക്കുകയാണ്. സിപിഐ എം തളിക്കുളം ലോക്കൽ കമ്മിറ്റി ഓഫീസ് യെച്ചുരി ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവംബർ ഒന്നിന് കേരളം അതിദരിദ്ര്യരില്ലാത്ത ആദ്യ സംസ്ഥാനമാവും. അഞ്ചുലക്ഷത്തോളം കുടുംബങ്ങൾക്ക് വീട് നൽകി. കെ ഡിസ്‌ക് സംവിധാനം ഉൾപ്പടെ പ്രയോജനപ്പെടുത്തി 20 ലക്ഷം പേർക്ക് തൊഴിൽ നൽകും. മുന്നര ലക്ഷത്തോളം സംരംഭങ്ങൾ ഉയർന്നു. 60 ലക്ഷത്തോളം പേർക്ക് 1600 രൂപ പെൻഷൻ നൽകുന്നു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ ലോകോത്തര നിലവാരമുള്ള സൗകര്യങ്ങൾ ഒരുക്കി. കിഫ്ബി വഴി ഒമ്പത് വർഷത്തിനകം 9000 കോടിയുടെ അടിസ്ഥാന സൗകര്യവികസനം ഒരുക്കി കാസർകോട് മുതൽ തിരുവനന്തപുരം വരെ ആറുവരിപാത യാഥാർഥ്യമാവുകയാണ്. വിഴിഞ്ഞം പദ്ധതിയും ഗ്യാസ് പൈപ്പ് ലൈനും കെ ഫോണും യാഥാർഥ്യമായി മലയോരപ്പാതയും തീരദേശപാതയും കുതിക്കുകയാണ്. എന്നാൽ പ്രതിപക്ഷം വികസനപദ്ധതികൾ തകർക്കാൻ ശ്രമിക്കുകയാണ്. അർഹമായ ഫണ്ടുകൾ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ സംസ്ഥാനത്തെ ഞെരുക്കുകയാണ് ഇതെല്ലാം അതിജീവിച്ച് രാജ്യത്ത് ജനപക്ഷ ബദലായി കേരളം മുന്നേറുകയാണ്. യുദ്ധ ഉപകരണ പട്ടികയിൽ ആണവായുധം ഇടംപിടിച്ചാൽ അത് ലോകത്തിൻ്റെ അവസാനമാകും. ഇന്ന് പല രാജ്യങ്ങളിലും ആണവായുധമുണ്ട്. ഇത് പ്രയോഗിച്ചാൽ സർവനാശമാണ് സംഭവിക്കുക ഭീകരവാദത്തിനെതിരെ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി ഭീകര ആക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം കൃത്യതയാർന്ന മറുപടിയും നൽകി. ഇത് ലോക രാഷ്ട്രങ്ങളും അംഗീകരിച്ചു. ഇതാണ് പാക്കിസ്ഥാൻ വെടിനിർത്തലിന് തയ്യാറായത്– എം വി ഗോവിന്ദൻ പറഞ്ഞു.


