തൃശൂർ: ലാലൂർ ശ്‌മശാനത്തിന് സമീപം പഴയകാവൽപുരയിൽ 51 കാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തൃശൂർ വെസ്റ്റ് പൊലീസ്. സംഭവത്തിൽ പ്രതി ലാലൂർ സഹായ നഗറിലെ കുന്നമ്പത്ത് വീട്ടിൽ വൈശാഖിനെ (28) അറസ്റ്റുചെയ്‌തു. മരിച്ച സുരേഷ് പ്രതിയുടെ അച്ചനെ മർദിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്കെത്തിച്ചത്. ലാലൂർ ക്രിമറ്റോറിയത്തിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽവച്ച് സുരേഷിൻ്റെ മുഖത്തും തലയിലും മർദിച്ചാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലെയാണ് അരിമ്പൂർ കൈപ്പിള്ളി ഗോൾഡൻ സ്ട്രീറ്റിൽ താമസിക്കുന്ന ലാലൂർ സ്വദേശി പടിഞ്ഞാറെ പുരയ്ക്കൽ സുരേഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തലയ്ക്ക് അടിയേറ്റതിനെ തുടർന്നാണ് മരിച്ചതെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിനെ തുടർന്നുണ്ടായ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ സഹായ നഗറിൽ നിന്നും പിടികൂടിയത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. വെസ്റ്റ് പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ അബ്ദുൾ റഹ്‌മാൻ്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ഹരിഹരൻ, പ്രസാദ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി ടോണി വർഗീസ്, അഖിൽ വിഷ്‌ണു, മഹേഷ്, അലൻ ആൻ്റണി, സിവിൽ പൊലീസ് ഓഫീസറായ ശ്രീരാഗ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.


