Saturday, May 10, 2025
HomeThrissur Newsപൂരങ്ങളുടെ പൂരത്തിന് നാളെ കൊടിയേറ്റം
spot_img

പൂരങ്ങളുടെ പൂരത്തിന് നാളെ കൊടിയേറ്റം

തൃശൂർ:തൃശൂർ പൂരത്തിന് ബുധനാഴ്‌ച കൊടിയേറും. പ്രധാന സാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പൂരനഗരിയിലെ ആൽമരങ്ങളിലും എട്ട് ഘടകദേശ ക്ഷേത്രങ്ങളിലും ഇതോടൊപ്പം കൊടിയേറ്റം നടക്കും. മെയ് ആറിനാണ് പൂരങ്ങളുടെ പൂരം. തിരുവമ്പാടി ക്ഷേത്രത്തിൽ ബുധൻ പകൽ 11നും 11.30നും ഇടയ്ക്കും പാറമേക്കാവിൽ പകൽ 12.30നുമാണ് കൊടിയേറ്റം. തിരുവമ്പാടി ക്ഷേത്രത്തിൽ പൂജകൾക്ക് തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരി മുഖ്യ കാർമികനാവും. പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കൽ സുന്ദരനും സുഷിത്തും കൊടിമരം ഒരുക്കും. പകൽ മൂന്നിന് ക്ഷേത്രത്തിൽ നിന്നുള്ള പൂരപ്പുറപ്പാടിന് തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. 3.30ന് നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകൾ ഉയരും. നീല, മഞ്ഞനിറങ്ങളിലുള്ള കൊടികളാണ് ഉയരുക. ആചാര വെടികളും മുഴങ്ങും. എഴുന്നള്ളിപ്പ് വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്തെത്തി മേളം കൊട്ടിക്കലാശിക്കും. മഠത്തിലെത്തി ആറാട്ടു കഴിഞ്ഞ് വൈകിട്ട് അഞ്ചോടെ മടങ്ങും. ചൊവ്വ വൈകിട്ട് ആറിന് കൊടിയേറ്റത്തിനുള്ള കവുങ്ങ് മംഗളവാദ്യത്തോടെ പാട്ടുരായ്ക്കൽ ജങ്ഷനിൽനിന്ന് തിരുവമ്പാടി ക്ഷേത്രത്തിൽ എത്തിക്കും. പാറമേക്കാവിൽ വലിയപാണിക്കുശേഷം പുറത്തേക്ക് എഴുന്നള്ളിപ്പ്. തുടർന്ന് ദേശക്കാർ കൊടി ഉയർത്തും. പരമ്പരാഗത അവകാശി ചെമ്പിൽ കുട്ടനാശാരിയാണ് കൊടിമരമൊരുക്കുക. സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ് ഉയർത്തുക. ക്ഷേത്ര സമുച്ചയത്തിലെ പാലമരത്തിലും മണികണ്‌ഠനാലിലും പൂരക്കൊടി ഉയർത്തും. അഞ്ച് ആനകളും മേളവുമായി പുറത്തേക്ക് എഴുന്നള്ളിപ്പിന് പാറമേക്കാവ് കാശിനാഥൻ തിടമ്പേറ്റും. കിഴക്കൂട്ട് അനിയൻ മാരാർ പ്രമാണികനായുള്ള മേളം അകമ്പടിയാവും. വെടിക്കെട്ടും നടക്കും. വടക്കുന്നാഥൻ ക്ഷേത്രം ചന്ദ്രപുഷ്‌കരണികുളത്തിൽ ആറാട്ട് നടക്കും. തൃശൂർ പൂരം കണിമംഗലം, പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുകാവ്, അയ്യന്തോൾ, നെയ്‌തലക്കാവ് എന്നീ ഘടകക്ഷേത്രങ്ങളിലും ബുധനാഴ്‌ച കൊടിയേറ്റം നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments