കൊടകര: വിഷുക്കണിയും വിഷുസദ്യയും ഒരുക്കുന്നതിൽ ഒഴിച്ചുകൂടാനാവാത്ത വെള്ളരി കൃഷിയിൽ തുടർച്ചയായ മൂന്നാം വർഷവും മിന്നും വിജയം കൊയ്യുകയാണ് മറ്റത്തൂരിലെ മാതൃക കർഷകനായ രാജൻ പനംകൂട്ടത്തിൽ. മറ്റത്തൂർ സ്വാശ്രയകർഷക വിപണിയിലേക്ക് ഏറ്റവും കൂടുതൽ ഉൽപ്പന്നങ്ങളെത്തിക്കുന്ന കർഷകരിലൊരാളാണ് രാജൻ ചെട്ടിച്ചാൽ പാടശേഖരത്തുള്ള രണ്ടരയേക്കർ നിലത്തിലാണ് ഇക്കുറിയും വെള്ളരികൃഷി ചെയ്ത് മികച്ച വിളവുനേടിയത്
നെൽകൃഷി ചെയ്യുന്ന പാടത്ത് വേനൽക്കാല വിളയായാണ് കണിവെള്ളരി നട്ടുവളർത്തുന്നത്. മറ്റ് പച്ചക്കറിയിനങ്ങൾ വൻതോതിൽ കൃഷിചെയ്യുന്ന മറ്റത്തൂരിൽ വെള്ളരികൃഷി താരതമ്യേന കുറവാണ്. വേനൽമഴയെ ഭയന്നാണ് കർഷകർ പൊതുവേ വെള്ളരികൃഷിയിൽ നിന്ന് മാറിനിൽക്കുന്നത്.
മഴപെയ്താൽ വെള്ളം ഒഴുകിപോകാതെ കെട്ടിനിൽക്കുന്ന പാടങ്ങൾ ഈയിനം കൃഷിക്ക് അയോജ്യമല്ല. വെള്ളക്കെട്ടിൽ വെള്ളരി തണ്ടുകൾ പെട്ടെന്നു ചീഞ്ഞുപോകുന്നതാണ് കാരണം. ഇതു കൊണ്ടുതന്നെ മലയോരത്തെ കർഷകരിൽ മിക്കവരും വെള്ളരി കൃഷിയിറക്കാൻ മടിക്കുന്നവരാണ്
എന്നാൽ മികച്ച കർഷകനായിരുന്ന അച്ഛൻ വിജയന്റെ കഠിനാധ്വാനം കണ്ടുവളർന്ന രാജൻ ഒരു വെല്ലുവിളി എന്നോണമാണ് വെള്ളരികൃഷിയിലേക്ക് തിരിഞ്ഞത്. കഠിനാധ്വാനവും അനുകൂല കാലാവസ്ഥയും ഉണ്ടെങ്കിൽ ഈ കൃഷിയിൽനിന്ന് നല്ല ലാഭം ഉണ്ടാക്കാനാകുമെന്ന് രാജൻ തെളിയിച്ചു. ഭാര്യ ഷീജ കൃഷിപ്പണികളിൽ എപ്പോഴും രാജനൊപ്പമുണ്ട്. അവധി ദിവസങ്ങളിൽ കോളജ് വിദ്യാർഥികളായ മക്കൾ അക്ഷയും അഭിജിത്തും രാജനെ സഹായിക്കാനായി കൃഷിതോട്ടത്തിൽ എത്താറുണ്ട്.
ആണ്ടിൽ രണ്ടുതവണ നെൽകൃഷി ചെയ്യുന്ന ചെട്ടിച്ചാൽപാടത്ത് മുണ്ടകൻ കൊയ്ത്തുകഴിഞ്ഞയുടനെയാണ് വെള്ളരി കൃഷിക്ക് നിലമൊരുക്കി വിത്തിട്ടത്. മികച്ച വിളവുതരുന്ന മഞ്ചേരി ഇനത്തിലുള്ള വെള്ളരിവിത്താണ് കൃഷിക്കുപയോഗിച്ചത്. മൂന്ന് വർഷം മുമ്പ് മഞ്ചേരിയിൽ നിന്ന് രാജൻ കൊണ്ടുവന്ന വിത്താണിത്. ഓരോ വർഷവും വിjuuuuuuളവെടുക്കുമ്പോൾ മികച്ച വെള്ളരിക്കായ്കൾ മാറ്റി വെച്ച് അവയിൽനിന്ന് എടുക്കുന്ന വിത്തുകളാണ് തുടർന്നുള്ള വർഷം കൃഷിയിറക്കാൻ ഉപയോഗിക്കുന്നത്.
സുഹൃത്തുക്കളായ കർഷകർക്കും ഈ വിത്തുകൾ രാജൻ നൽകിവരുന്നുണ്ട്. രണ്ടാഴ്ച മുമ്പ് പെയ്ത വേനൽമഴ തെല്ലൊരു ആശങ്ക സൃഷ്ടിച്ചെങ്കിലും മോശമല്ലാത്ത വിളവ് ഇക്കുറി ലഭിച്ചതായി രാജൻ പറഞ്ഞു.മറ്റത്തൂർ കൃഷിഭവനിൽനിന്നുള്ള ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം രാജന്റെ വെള്ളരിപ്പാടം കാണാൻ എത്തിയിരുന്നു. കേരള പഴം പച്ചക്കറി പ്രമോഷൻ കൗൺസിലിനു കീഴിൽ കോടാലയിൽ പ്രവർത്തിക്കുന്ന മറ്റത്തൂർ സ്വാശ്രയ കർഷക വിപണി, നൂലുവള്ളി സ്വാശ്രയ കർഷക വിപണി എന്നിവ മുഖേനയാണ് രാജൻ വെള്ളരിക്കായ്കൾ വിറ്റഴിക്കുന്നത്.
ഹോർട്ടികോർപ്പ് ഇത് ശേഖരിച്ച് ആലപ്പുഴ ജില്ലയി ലേക്കാണ് കൊണ്ടുപോകുന്നത്. കഴിഞ്ഞ വർഷ ത്തെ അപേക്ഷിച്ച് ഇത്തവണ വില അൽപ്പം കൂടി യിട്ടുണ്ട്. കഴിഞ്ഞ വർഷം വിഷുക്കാലത്ത് കിലോ ഗ്രാമിന് 18 രൂപയായിരുന്നു വില. ഈ വർഷം 20 രൂപ നിരക്കിലാണ് രാജൻ കണിവെള്ളരി വിൽപ്പന നടത്തുന്നത്.