മണത്തലയിൽ സ്‌കൂൾ ബസ് ലോറിക്ക് പിന്നിലിടിച്ച് ബസിലുണ്ടായിരുന്ന 22 വിദ്യാർഥികൾക്കും ബസ് ഡ്രൈവർക്കും പരിക്കേറ്റു. ഭൂരിഭാഗം വിദ്യാർഥികളുടെയും കൈകൾക്കും മുഖത്തുമാണ് പരിക്ക്. മണത്തല പള്ളിക്ക് സമീപം ദേശീയപാതയിൽ ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഒരു മണിയോടെ പരീക്ഷ കഴിഞ്ഞ് വിദ്യാർഥികളുമായി പോവുകയായിരുന്ന ഒരുമനയൂർ നാഷണൽ ഹുദ സ്‌കൂൾ ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ ആംബുലൻസുകളിൽ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൈത്തണ്ടയ്ക്ക് പരിക്കേറ്റ ഒരു വിദ്യാർഥിയെയും മോണയ്ക്കു പരിക്കേറ്റ രണ്ടു വിദ്യാർഥികളെയും ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. ദേശീയപാത നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി സർവീസ് നടത്തിയിരുന്ന ലോറി പെട്ടെന്ന് ബ്രേക്കിട്ടതോടെ പിന്നിൽ വന്ന സ്‌കൂൾ ബസ് ലോറിയിൽ ഇടിക്കുകയായിരുന്നു. മണത്തലയിൽനിന്ന് എടക്കഴിയൂരിലേക്ക് പോവുകയായിരുന്നു ഇരുവാഹനങ്ങളും. അപകടത്തിൽ ബസിൻ്റെ ചില്ലുകൾ തകർന്നു.


