സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചനാക്കേസ്, ജനുവരിയിൽ കൊച്ചിയിൽ നടന്ന ‘ഉയിരെ’ എന്ന സംഗീത നിശയുടെ മറവിൽ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവന്റ് മാനേജ്‌മെൻറ് കമ്പനി ഉടമ നൽകിയ പരാതിയിലാണ് കേസ്. മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ച ഷാൻ റഹ്‌മാനോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. പക്ഷേ ഇതുവരെ ഹാജരായിട്ടില്ല.
ഷാൻ റഹ്‌മാൻറെ നേതൃത്വത്തിൽ എറ്റേണൽ റേ പ്രൊഡക്ഷൻസ് എന്ന മ്യൂസിക് ബാൻറ് ജനുവരി 23 ന് കൊച്ചിയിൽ നടത്തിയ ‘ഉയിരെ’ സംഗീത നിശയുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തർക്കവും വഞ്ചനാകേസും.
‘ഉയിരെ’ സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവൻറ് മാനേജ്‌മെൻറ് കമ്പനിയായ അറോറ ആയിരുന്നു. പരിപാടിയുടെ പ്രൊഡക്ഷൻ, താമസം, ഭക്ഷണം, യാത്ര പാർക്കിംഗ് ഗ്രൗണ്ടിൻറെ പണം തുടങ്ങി ബൗൺസർമാർക്കു കൊടുക്കേണ്ട തുക വരെ അറോറ ചെലവിട്ടു. ആകെ 38 ലക്ഷം രൂപ ചെലവായെന്നും 5 പൈസപോലും തിരികെ ലഭിച്ചില്ലെന്നുമാണ് അറോറ ഇവൻറ് മാനേജ്‌മെൻറ് കമ്പനി ഉടമ നിജു രാജിൻറെ പരാതി.
പണം ചോദിച്ച് ഷാനിനെ ബന്ധപ്പെട്ടപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസിൽ കുടുക്കുമെന്ന് ആരോപിച്ചതായും നിജു ആരോപിക്കുന്നു. സഹികെട്ടാണ് പൊലീസിനെ സമീപിച്ചത്. എറണാകുളം സൗത്ത് പൊലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തതോടെ ഷാൻ മുൻകൂർ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനാണ് കോടതിയുടെ നിർദ്ദേശം. പരിപാടിയുമായി ബന്ധപ്പെട്ട് നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയതിനും റോഡിൽ ഗതാഗത തടസമുണ്ടാക്കിയതിനും ഷാനിനെതിരെ വേറെയും കേസുകളുണ്ട്.


