ഇല്ലിനിത്തർക്കം! പ്രിയപ്പെട്ട ജീവിതമേ, നിൻ-തല്ലേറ്റു മരിച്ചു ഞാൻ; സംസ്കരിക്കുകെൻ ജഡം!

മലയാളിയെ പ്രണയിക്കാനും ഉന്മദിപ്പിക്കാനും വിഷാദത്തിൽ മുക്കാനും പറ്റുന്ന വരികൾ ആയിരുന്നു ഒ.എൻ.വിയുടേത്.
കാവ്യഭൂമിക
എന്തിനീ ചിലങ്കകൾ…
എന്തിനീ കൈവളകൾ
എൻ പ്രിയൻ
എന്നരികിൽ വരില്ലയെങ്കിൽ…
വിരഹത്തിന്റെ വിഷാദഭാവം..പരിഭവത്തിന്റെ നറുനിലാവ് ഒക്കെയും ഈ നാലുവരികളിൽ തെളിഞ്ഞു നില്കുന്നുണ്ട്.

തരള കപോലങ്ങൾ
നുള്ളി നോവിക്കാതെ
തഴുകാതെ ഞാൻ നോക്കി നിന്നു…
എന്നു കവി പാടുമ്പോൾ പ്രണയം എത്ര സുന്ദരമായാണ് നമുക്കുമുന്നിൽ ഇതൾവിടർത്തുന്നത് .
അരികിൽ നീ
ഉണ്ടായിരുന്നെങ്കിൽ
എന്നു ആഗ്രഹിക്കാത്ത
ഒരു പ്രണയിനിയും ഈ ഭൂലോകത്തു ഉണ്ടാവില്ല…
ആത്മാവിൽ മുട്ടി വിളിച്ചത് പോലുള്ള പ്രണയ ഭാവങ്ങൾ വിരഹത്തിന്റെ വിഷാദത്തിന്റെ അലകൾ ഓരോ മലയാളിയിലും എത്തിച്ച കവിയുടെ ഓർമകൾക്ക് മുന്നിൽ….

ചോര വീണ ചെങ്കതിർ തെളിച്ചമുള്ള വിപ്ലവ ഗാനങ്ങളും കോതമ്പു നിറമുള്ള പെണ്കിടാവിനെ ഓർമിപ്പിക്കുന്ന ഭൂമിക്കു ഒരു ചരമഗീതവും മലയാളിയുടെ സ്വകാര്യ അഹംങ്കാരങ്ങൾ ആണ്.
അതു കൊണ്ടല്ലേ നമ്മൾ ഇപ്പോഴും മാമ്പുപൂക്കുംകാലങ്ങളിൽ ഉറക്കെ ഉറക്കെ
മാവായ മാവെല്ലാം പൂത്തിറങ്ങി
മണമുള്ള

മാണിക്യ പൂതിരികൾ
എന്നു പാടിത്തീർക്കുന്നത്.ഒരിക്കൽ വഴുതക്കാടുള്ള ഒ.എൻ.വി വീട്ടിൽ പോയപ്പോ ഗേറ്റിൽ നിറം മങ്ങിയ ഒ.എൻ.വി മരണ നോട്ടീസ് മഴയത്ത് നനഞ്ഞൊലിചു കണ്ടത് ഇപ്പോഴും നിറം മങ്ങിയ ചിത്രമായി മനസ്സിന്റെ ഒരു കോണിൽ ഉണ്ട്.ഇപ്പോഴും ഒ.എൻ.വി കവിതകൾ ഉറക്കെ കേൾക്കുമ്പോൾ എനിക്ക് പഴയസ്കൂൾ കലോത്സവങ്ങൾ ഓർമ വന്നു.സരോജിനി ടീച്ചർക്കും ഒ.എൻ.വിക്കും ഇടയിലുണ്ടായിരുന്ന പ്രണയമായിരുന്നു ആ തൂലികയിൽ എന്നും ജ്വലിച്ചു നിന്നിരുന്നത്.ഗൃഹാതുരത്വം ഉണർത്തുന്ന ഒരുപാട് പാട്ടുകൾ നമുക്ക് നൽകിയ കവിക്ക്
പാട്ടെഴ്ത്തിന്റെ നല്ല ഓർമകൾക്ക് പ്രണാമം.
-സനിത