ഈ വർഷത്തെ തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18, 19 തിയ്യതികളിൽ ഗുരുവായൂരിൽ നടക്കുമെന്ന് തദ്ദേശ ദിനാഘോഷ സംഘാടക സമിതി ചെയർമാൻ എൻ.കെ അക്ബർ എംഎൽഎ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ടൂറിസം-പെട്രോളിയം-പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി, റവന്യു-ഭവന നിർമ്മാണവകുപ്പ് മന്ത്രി
കെ. രാജൻ, തദേശ സ്വയംഭരണം- എക്സൈസ്- പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്, വ്യവസായ-വാണിജ്യ- നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ്, ഉന്നത വിദ്യാഭ്യാസ- സാമൂഹികനീതി വകുപ്പ് ഡോ. ആർ. ബിന്ദു, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എംഎൽഎമാർ, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
തദ്ദേശ ദിനാഘോഷവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 14 മുതൽ വ്യത്യസ്‌തങ്ങളായ പരിപാടികൾ അരങ്ങേറും. സെമിനാറുകൾ, ചർച്ചകൾ, കലാ-കായിക മത്സരങ്ങൾ, കലാരംഗത്തെ പ്രമുഖർ അവതരിപ്പിക്കുന്ന കലാപരിപാടികൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. മികച്ച പ്രവർത്തനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫിയും ഇതോടനുബന്ധിച്ച് വിതരണം ചെയ്യും.
ഫെബ്രുവരി 14 ന് എക്‌സിബിഷൻ ഉദ്ഘാടനവും ഫെബ്രുവരി 15 ന് ഇരുപതിൽപ്പരം തദ്ദേശ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന വിളംബര ഘോഷയാത്രയും തദ്ദേശ ദിനാഘോഷത്തിൻ്റെ ഭാഗമായി നടക്കും. കേരളത്തിലെ മുഴുവൻ തദ്ദേശ സ്ഥാപന മേധാവികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥൻമാരും പങ്കെടുക്കുന്ന പരിപാടിയിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനത്ത് നിന്നുമുള്ള പ്രതിനിധികളും ഉണ്ടാകും. തദ്ദേശ ദിനാഘോഷ സംഘാടകസമിതി വൈസ് ചെയർമാനും ഗുരുവായൂർ നഗരസഭ ചെയർമാനുമായ എം. കൃഷ്ണദാസ്, എൽഎസ്ജിഡി തൃശ്ശൂർ ജോയിന്റ് ഡയറക്ടർ സാജു സെബാസ്റ്റ്യൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.