തൃശൂർ: സാഹിത്യവും കലയും ഘടനാപരമായി പൊളിച്ചെഴുതി, ഇന്ദ്രിയാനുഭവമാക്കി മാറ്റാതെ എ.ഐ.ക്കാലത്ത് കവിതയ്ക്കും സാഹിത്യത്തിനും നിലനിൽക്കാനാവില്ലെന്ന് കവി പി.പി. രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. അയനം എ. അയ്യപ്പൻ കവിതാപുരസ്കാരം
ടി.പി. വിനോദിന് സമർപ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകകവിതയെയും മലയാളകവിതയെയും ഒരുമിച്ചു കൊണ്ടുപോകാൻ സൈബർ സ്പേസിലെ കവികൾക്ക് സാധിച്ചു. പുതിയ കവിതയിൽ സയൻസിന്റെ സ്വാധീനവും ഫിലോസഫിയും പ്രബലമാണ്.ഭാഷാധ്യാപകരായ കവികൾക്ക് സാധിക്കാത്ത ഒന്നാണിതെന്നും പി.പി. രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ നടന്ന ചടങ്ങിൽ അൻവർ അലി അധ്യക്ഷത വഹിച്ചു. ഡിജിറ്റൽ ലോകത്തിൻ്റെ കാവ്യഭാവനയെ ശാസ്ത്രീയമായ യുക്തിയും സൂക്ഷ്മതയും കലർത്തി ധൈഷണികമായി അവതരിപ്പിക്കുന്ന രചനാ രീതിയാണ് പുതിയ കാലകവിതയുടെ മുഖമുദ്രയെന്ന് അധ്യക്ഷ പ്രസംഗത്തിൽ അൻവർ അലി പറഞ്ഞു. എം.എസ്. ബനേഷ്, സുബീഷ് തെക്കൂട്ട്, ടി.ജി. അജിത, കല സജീവൻ, ടി.പി. ബെന്നി, യു.എസ്. ശ്രീശോഭ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.