Thursday, March 20, 2025
HomeKeralaജലാശയാപകടങ്ങളുടെ തോത് കുറയ്ക്കാൻ ബോധവത്കരണം തുടരണം: മുഖ്യമന്ത്രി
spot_img

ജലാശയാപകടങ്ങളുടെ തോത് കുറയ്ക്കാൻ ബോധവത്കരണം തുടരണം: മുഖ്യമന്ത്രി

ഇന്ത്യയിലെ ആദ്യ വനിതാ സ്‌കൂബാ ഡൈവിങ് ആൻഡ് റെസ്‌ക്യൂ ടീം പരിശീലനം പൂര്‍ത്തിയാക്കി

ജലസുരക്ഷയില്‍ വിദഗ്ധ പരിശീലനം നേടിയ സംസ്ഥാന വനിതാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസർമാരിലൂടെ കേരളം രാജ്യത്തിനുതന്നെ മാതൃകയായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലസുരക്ഷാ പരിശീലനം പൂര്‍ത്തിയാക്കിയ പതിനേഴംഗ വനിതാ സ്‌കൂബാ ഡൈവിങ് ടീം അംഗങ്ങളുടെ ഉദ്ഘാടനവും ഡൈവിംഗ് ബാഡ്ജ് വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്ത് തന്നെ ആദ്യമായാണ് വനിതകളുടെ നേതൃത്വത്തിലുള്ള ഒരു സ്‌ക്യൂബ ഡൈവിങ് ടീമിനെ രൂപീകരിച്ചിരിക്കുന്നത്. അഗ്‌നിസുരക്ഷാ വകുപ്പിന്റെ കീഴില്‍ ആദ്യമായി വനിതാ ഫയര്‍ ഫോഴ്‌സ് ആന്‍ഡ് റെസ്‌ക്യൂ ഓഫീസർമാരെ നിയമിച്ചത് കഴിഞ്ഞ വര്‍ഷമാണ്. അന്ന് നിയമിതരായ 100 ഓഫീസർമാരില്‍ സാഹസികത ഇഷ്ടപ്പെടുന്ന 17 ഓഫീസര്‍മാര്‍ക്കാണ് സ്‌ക്യൂബ ഡൈവിങ്ങില്‍ പരിശീലനം നല്‍കിയത്, എന്ന് തൃശ്ശൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസസ്സ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി അറിയിച്ചു.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം കേരളത്തില്‍ റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത് ജലാശയങ്ങളിലാണ്. കേരളത്തില്‍ പ്രതിവര്‍ഷം ആയിരത്തിലധികം പേര്‍ ജലാശയപകടങ്ങളില്‍ മരണപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫോര്‍ട്ട് കൊച്ചിയില്‍ ജലസുരക്ഷാ പരിശീലന കേന്ദ്രം ആരംഭിച്ചത്. ഇവിടെയാണ് വനിതാ സ്‌കൂബാ ഡൈവിങ് ടീം പരിശീലനം നേടിയത്. 21 ദിവസത്തെ ഓപ്പണ്‍ വാട്ടര്‍ ഡൈവിങ് കോഴ്സും, 11 ദിവസത്തെ അഡ്വാന്‍സ്ഡ് ഓപ്പണ്‍ ഡൈവിങ് കോഴ്‌സുമാണ് ഇവര്‍ പൂര്‍ത്തീകരിച്ചത്, മുഖ്യമന്ത്രി പറഞ്ഞു.

പരിശീലനം പൂർത്തിയാക്കിയ വനിതാ ഓഫീസർമാർക്ക് 30 മീറ്റര്‍വരെ താഴ്ചയില്‍ രക്ഷാപ്രവര്‍ത്തനം നല്‍കാൻ സാധിക്കും. സംസ്ഥാനത്തെ ജല പരിശീലനകേന്ദ്രം ഇതുവരെ 300 ലധികം പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നും നാഷണല്‍ ഫയര്‍ സര്‍വീസ് കോളജില്‍ നിന്നു വരെ ഇവിടെ സ്‌കൂബാ ഡൈവിങ് പരിശീലനത്തിന് ഓഫീസർമാർ വരുന്നുണ്ടെന്നും, ഇത് കേരളം ഈ മേഖലയില്‍ കൈവരിച്ച മുന്നേറ്റത്തേയാണ് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജലാശയ രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതോടൊപ്പം ജലാശയാപകടങ്ങളുടെ തോത് കുറയ്ക്കാനും ശ്രദ്ധിക്കണം. ഇതിനായി ജലസുരക്ഷയെ കുറിച്ച് വ്യക്തമായ അവബോധം എല്ലാവര്‍ക്കും ഉണ്ടാകണം. കുട്ടികള്‍ക്കും ഇതിനെ കുറിച്ച് കൃത്യമായ ബോധവല്‍ക്കരണവും പരിശീലനവും നല്‍കണം. ഏതൊരു ജലാശയത്തെ സമീപിക്കുമ്പോഴും അവിടെ അപകടം പതിയിരിപ്പുണ്ട് എന്നും സുരക്ഷ എന്നത് മുന്‍കരുതലിലൂടെ മാത്രം ഉറപ്പുവരുത്താന്‍ കഴിയുന്നതാണ് എന്നുമുള്ള സന്ദേശം എല്ലാവരിലും എത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ അഗ്‌നി രക്ഷാസേനയെ ബഹുമുഖദുരന്തങ്ങള്‍ ഫലപ്രദമായി നേരിടാൻ പ്രാപ്തമായ സേനയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അഗ്‌നിരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുപരിയായി ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ , റോഡ്- റെയില്‍ അപകടങ്ങള്‍, വെള്ളപ്പൊക്കം എന്നിങ്ങനെയുള്ള എല്ലാ ദുരന്ത മേഖലകളിലും പ്രവര്‍ത്തിക്കാന്‍ കരുത്തുള്ള ടാസ്‌ക് ഫോഴ്‌സുകള്‍ അഗ്‌നി സുരക്ഷാവകുപ്പിന് കീഴില്‍ ഉണ്ട്. ജലാശയ അപകടങ്ങള്‍ തടയുന്നതിന് എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂ ബാ ഡൈവിങ് ടീമിന്റെ സേവനം ലഭ്യമാണ്. സുസജ്ജവും സംതൃപ്തവുമായ അഗ്‌നിസുരക്ഷാ സേവനമാണ് കേരളം ലക്ഷ്യമിടുന്നത് – മുഖ്യമന്ത്രി പറഞ്ഞു.

ജലാശയ അപടകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് സംസ്ഥാന അഗ്നിസുരക്ഷാ വകുപ്പിനു കീഴില്‍ രാജ്യത്താദ്യമായി വനിതാ സ്‌കൂബാ ഡൈവിങ്ങ് ആന്‍ഡ് റെസക്യൂ ടീം രൂപീകരിച്ചത്. പി. എസ്. സേതുപാര്‍വ്വതി, അപര്‍ണ കൃഷ്ണന്‍, ശ്രുതി പി രാജു, കെ. അപര്‍ണ, കെ. പി. അമേയ രാജ, നീതു നെല്‍സണ്‍, ആര്യ സുരേഷ്,സിമില്‍ ജോസ്, സ്‌നേഹ ദിനേഷ്, നിഷിദ റഷീദ്, കെ. എന്‍. നിത്യ, എം. അനുശ്രീ, കെ. എം. ഗീതുമോള്‍, അഷിത കെ സുനില്‍, സി. എസ്. ജെസ്‌ന, ഡി. സ്വാതി കൃഷ്ണ, പി.എല്‍. ശ്രീഷ്മ എന്നിവരാണ് ടീമിലുള്ളവർ.

30 അടി താഴ്ചയില്‍ വരെ ഊളിയിട്ട് പോയി മീന്‍ പിടിക്കാന്‍ സാധിക്കുന്ന കടല്‍പ്പക്ഷിയായ ഗാനെറ്റ്‌സിന്റെ പേരാണ് വനിതാ റെസ്‌ക്യൂ ടീമിനു നല്‍കിയിരിക്കുന്നത്.
ചടങ്ങില്‍ പരിശീലനം പൂര്‍ത്തിയാകിയ ഭാരതത്തിലെ ആദ്യവനിതാ സ്‌കൂബ ഡൈവിങ് ടീമിന്റെ വൈദഗ്ദ്ധ്യ പ്രദര്‍ശനവും നടന്നു. പരീശീലനം പൂര്‍ത്തിയാക്കിയ ഒഫീസർമാർക്ക് നല്‍കിയ ഡൈവിങ് ബാഡ്ജ് രൂപകല്‍പ്പന ചെയ്ത ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ സുലുകുമാറിനെ ചടങ്ങില്‍ ആദരിച്ചു. അഗ്‌നിസുരക്ഷാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ കെ. പദ്മകുമാര്‍, ഡയറക്ടര്‍ എം. നൗഷാദ്, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments