കൊച്ചി: തൃപ്പൂണിത്തുറയില്‍ ഫ്‌ളാറ്റിന്റെ 26ാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കിയ വിദ്യാര്‍ത്ഥി റാഗിങിന് ഇരയായെന്ന ആരോപണം തള്ളി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍. മിഹിര്‍ റാഗിംഗിനിരയായെന്ന പരാതി കുടുംബം വിദ്യാര്‍ത്ഥി കൊല്ലപ്പെടുന്നതിന് മുന്‍പ് ഉന്നയിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥി സന്തോഷവാനായിട്ടാണ് സ്‌കൂളില്‍ നിന്നും പോയതെന്നും പ്രിന്‍സിപ്പല്‍ ഹില്‍ പാലസ് പൊലീസ് സ്റ്റേഷന് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.
സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. ഇത്തരം സംഘടിതമായ പ്രചാരണങ്ങള്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ധാര്‍മ്മികതയെ ബാധിക്കുന്നതാണ്. ഇതിനെതിരെ നടപടിയെടുക്കണമെന്നും സ്‌കൂള്‍ ആവശ്യപ്പെടുന്നു.
കൃത്യമായ തെളിവില്ലാതെ സ്‌കൂളിനെതിരെ നടപടിയെടുക്കാനാവില്ല. ആരോപണം സാധൂകരിക്കുന്ന തെളിവ് ലഭിച്ചാല്‍ ഉടന്‍ നടപടിയുണ്ടാകും. പൊലീസ് അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും സ്‌കൂള്‍ വിശദീകരിക്കുന്നു.
ജനുവരി 15 ന് ജീവനൊടുക്കിയ മിഹിര്‍ ക്രൂരമായ റാഗിംങിന് ഇരയായെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടികാട്ടി കുട്ടി പഠിച്ചിരുന്ന ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനെതിരെ അമ്മ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
നിറത്തിന്റെ പേരില്‍ പരിഹാസം നേരിട്ടിരുന്നു. വാഷ് റൂമില്‍ കൊണ്ടുപോയി ഉപദ്രവിച്ചു. ക്ലോസെറ്റില്‍ മുഖം പൂഴ്ത്തിക്കുകയും, ടോയ്ലറ്റില്‍ നക്കിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സ്‌കൂളില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ക്ക് സല്‍പ്പേര് പോകുമോ എന്ന ഭയമായിരുന്നുവെന്നും അമ്മ പരാതിയില്‍ ചൂണ്ടിക്കാട്ടി.
