പ്രമോദ് .എ.കെ
ചില ബ്രാൻ്റിൻ്റെ പേരു മാത്രം നോക്കി ഉൽപ്പന്നങ്ങൾ വാങ്ങാൻ തോന്നാറുണ്ട്.
അതിൻ്റെ ക്വാളിറ്റിയിൽ നമുക്കത്രയേറെ പ്രതീക്ഷയും ഉറപ്പും ഉണ്ടായിരിയ്ക്കും.
അത്തരത്തിലൊരു പേരാണ് മാർട്ടിൻ പ്രക്കാട്ട്.
‘ചാർലി’യാണ് എന്നെ അദ്ദേഹത്തോടടുപ്പിച്ചത്.
ബെസ്റ്റ് ആക്റ്ററും തുടർന്ന് , നായാട്ടും ആ ഇഷ്ടം കൂട്ടിക്കൂട്ടിക്കൊണ്ടുവന്നു.
ഇതാ അതിവിടെ ‘ഓഫീസർ ഓൺ ഡ്യൂട്ടി’യിൽ എത്തിനിൽക്കുന്നു.
ഇത്തവണ എന്നെ തീയ്യേറ്ററിലെത്തിയ്ക്കാൻ മറ്റൊരു ബ്രാൻഡ് കൂടി കാരണമായി.
ഷാഹി കബീർ.
ജോസഫും ഇലവീഴാപൂഞ്ചിറയും നായാട്ടും അയാൾ തന്ന സമ്മാനങ്ങളായിരുന്നു.
അയാൾ വരുന്നതുവരെയും മലയാള സിനിമയിലെ പോലീസ് കഥാപാത്രങ്ങൾ ഒന്നുകിൽ നന്മ നിറഞ്ഞവരോ അല്ലെങ്കിൽ കണ്ണീച്ചോരയില്ലാത്ത ദുഷ്ടന്മാരോ ആയിരുന്നു.
ഇതിനിടയിലാണയാൾ പച്ചയായ മനുഷ്യരെ കാക്കി യൂണിഫോം ഇട്ട് കളത്തിലിറക്കിയത്.

പക്ഷേ , ഇന്നലെ രാത്രി വരെ ഇവിടെയെങ്ങും ജിത്തു അഷ്റഫ് എന്നൊരു സംവിധായകൻ്റെ പേരില്ലായിരുന്നു.
സിനിമ തുടങ്ങി ആദ്യത്തെ രംഗത്തിൽത്തന്നെ വൈകാരികത മുറ്റി നിന്നിരുന്നു.
അതിനു ചേർന്ന ബാക്ഗ്രൗണ്ട് സ്കോറും ലൈറ്റിംഗും ക്യാമറയും…
അവിടെയാണ് ജിത്തു അഷ്റഫിനെ ഞാൻ മാർക്ക് ചെയ്യാൻ തുടങ്ങിയത്.
പിന്നീടങ്ങോട്ട് രണ്ടരമണിക്കൂർ നേരത്തിനിടെ ഒരു നിമിഷം പോലും സ്ക്രീനിൽ നിന്നും ശ്രദ്ധ മാറാതെ പിടിച്ചിരുത്താൻ ടീമിന് കഴിഞ്ഞു.
കുഞ്ചാക്കോ ബോബൻ്റെ പ്രകടനം തന്നെയാണ് ഏറ്റവും മികച്ചു നിന്നത്.
C I ഹരിശങ്കറിനെ കാണിയ്ക്കുന്ന ആദ്യത്തെ രംഗത്തിൽത്തന്നെ , മാലമോഷ്ടാവായ സ്ത്രീയെ അയാൾ കൈകാര്യം ചെയ്യുന്നതിലൂടെ ഒരു മിനി ചെക്കോവിയൻ തിയറി ഭംഗിയായി ചിത്രത്തിലുൾപ്പെടുത്താൻ തിരക്കഥാകൃത്തിനും സംവിധായകനും കഴിഞ്ഞു.
ചിത്രം സങ്കീർണ്ണമാകും തോറും ലഹരിസംഘാംഗങ്ങളായ പെൺകുട്ടികളോട് ഹരിശങ്കർ ഏറ്റുമുട്ടുമ്പോൾ മേൽപ്പറഞ്ഞ തിയറി പ്രായോഗികമായി മാറുന്നു.
വിശാഖ് നായർ , റംസാൻ മുഹമ്മദ് , ലിയ മാമ്മൻ , ഐശ്വര്യ രാജ് എന്നിങ്ങനെയുള്ള യുവതാരങ്ങൾ വില്ലൻ വേഷം അവിസ്മരണീയമാക്കി.
ഗുരുതുല്യനായ ശ്രീ രഘുനാഥ് പലേരി മാഷ് ഒരു കഥാപാത്രമായി സ്ക്രീനിലുണ്ടായിരുന്നു.
ചമൻ ചാക്കോയുടെ എഡിറ്റിംഗ് മികവും ജേക്സ് ബിജോയുടെ പശ്ചാത്തലസംഗീതവും ഗംഭീരമായിരുന്നു.
ഭംഗി ഒട്ടും ചോരാതെ റോബി വർഗ്ഗീസ് രാജ് ദൃശ്യങ്ങൾ ഒപ്പിയെടുത്തു.
ക്ലൈമാക്സിലെ ഫൈറ്റ് രാത്രിയിലാണെന്നും അതൊരു റബ്ബർ എസ്റ്റേറ്റിൽ ആണെന്നും നമുക്ക് വ്യക്തമായി അറിയാം.
എങ്കിലും , വ്യക്തതയില്ലാതെ വലിച്ചുവാരി അടിയ്ക്കാതെ ഓരോ ഇടിയും എണ്ണിയെടുക്കാവുന്ന രീതിയിൽ ആ ദൃശ്യം ചിത്രീകരിച്ചിരുന്നുവെങ്കിൽ എത്ര മനോഹരമായേനെ എന്നു തോന്നിപ്പോയി.
തീർച്ചയായും ഇത് ഒരു തീയ്യേറ്റർ ഫീൽ ആവശ്യപ്പെടുന്ന സിനിമയാണ്.
അതുകൊണ്ടു തന്നെ നല്ല തിയ്യേറ്ററിൽ കാണാൻ ശ്രമിയ്ക്കുക.
Pramod Ak