വെള്ളാങ്ങല്ലൂർ : റോഡുപണി നടക്കുന്ന തൃശ്ശൂർ – കൊടുങ്ങല്ലൂർ പാതയിലെ മനയ്ക്കലപ്പടിയിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി അരമണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. കോണത്തുകുന്നിൽനിന്ന് ബ്ലോക്ക് ജങ്ഷനിലേക്കുള്ള ഒറ്റവരി ഗതാഗതമാണ് മനയ്ക്കലപ്പടിയിൽ തടസ്സപ്പെട്ടത്.
കമ്പനിയിൽനിന്ന് സാധനങ്ങളുമായി വന്ന കണ്ടെയ്നർ ലോറി കോൺക്രീറ്റ് റോഡിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ പണിനടക്കുന്ന കുഴിയുള്ള ഭാഗത്തേക്ക് ചക്രങ്ങൾ ചെരിയുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. നാട്ടുകാരുടെയും മറ്റു വണ്ടിക്കാരുടെയും യാത്രക്കാരുടെയും സഹകരണത്തോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വണ്ടി പുറകിലേക്കെടുത്ത് തടസ്സം ഒഴിവാക്കുകയായിരുന്നു.