തൃശൂർ:ജില്ലയിൽ തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് രണ്ടിടത്തും ബിജെപിക്ക് ഒരിടത്തും വിജയം. നാട്ടിക പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ യുഡിഎഫിലെ പി വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. 525 വോട്ട് നേടി. എൽഡിഎഫിലെ വി ശ്രീകുമാർ 410 വോട്ടും ബിജെപിയിലെ ജ്യോതിദാസ് 172 വോട്ടും നേടി. ബിജെപിക്ക് വോട്ട് കുറഞ്ഞു. കക്ഷിനില: യുഡിഎഫ് 6, എൽഡിഎഫ് 5, ബിജെപി 3.
ചൊവ്വന്നൂർ പഞ്ചായത്ത് മൂന്നാം വാർഡ് പൂശപ്പിള്ളി യുഡിഎഫ് നിലനിർത്തി. സെബി മണ്ടുംപാൽ 25 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. 404 വോട്ട് നേടി. കെ കെ ആഷിഖ് ( എൽഡിഎഫ്) 379 വോട്ടും സുമേഷ് കളരിക്കൽ (ബിജെപി) 69 വോട്ടും നേടി. കഴിഞ്ഞ തവണത്തേക്കാൾ എൽഡിഎഫിന് 53 വോട്ട് വർധിച്ചു. ബിജെപി വോട്ട് ഗണ്യമായി കുറഞ്ഞു. യുഡിഎഫിന് മറിച്ച് നൽകുകയായിരുന്നു. കക്ഷിനില: എൽഡിഎഫ് 5, യുഡിഎഫ് 3, ബിജെപി 3, എസ്‌ഡിപിഐ 2.
കൊടുങ്ങല്ലൂർ നഗരസഭയിലെ 41–- -ാം വാർഡ് (മസ്ജിദ്) ബിജെപി നിലനിർത്തി. ബിജെപിയിലെ ഗീതാ റാണി 69 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചു. 269 വോട്ട് ലഭിച്ചു. വോട്ടും ഭൂരിപക്ഷവും വല്ലാതെ കുറഞ്ഞു. യുഡിഎഫിലെ പി യു സുരേഷ് കുമാറിന് 203 വോട്ടും എൽഡിഎഫിലെ ജി എസ് സുരേഷിന് 131 വോട്ടും ലഭിച്ചു. എൽഡിഎഫിന് വോട്ട് വർധിച്ചു. കക്ഷിനില: എൽഡിഎഫ് 22, ബിജെപി 21, യുഡിഎഫ് 1.