പരിയാരം: കൊന്നക്കുഴി കുമ്പളാൻമുടി മലയുടെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്ന പതിനഞ്ചോളം കുടുംബങ്ങൾ വന്യമൃഗ ശല്യം മൂലം വീടൊഴിഞ്ഞു. ലൈഫ് പദ്ധതിയിൽ വീടുകൾ ലഭിച്ചവരും ഉപേക്ഷിച്ച് പോയവരുടെ കൂട്ടത്തിലുണ്ട്. ബോധി ക്ലബ് പരിസരങ്ങളിൽ നിന്നാണ് ആളുകൾ കൂട്ടത്തോടെ സ്‌ഥലം മാറിയത്. ആന, മാൻ, പന്നി, കുരങ്ങ്, മലയണ്ണാൻ, കുറുക്കൻ എന്നിവയുടെ ശല്യം സഹിക്കവയ്യാതെയാണ് ഈ സ്‌ഥലം മാറ്റം. വനം വകുപ്പ് വനാതിർത്തിയിൽ സ്ഥാപിച്ച വൈദ്യുത വേലിയും മറികടന്നാണ് മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത്.
കാലപ്പഴക്കം കുറഞ്ഞതും അടച്ചുറപ്പ് ഉള്ളതുമായ വീടുകൾ ആളൊഴിഞ്ഞതോടെ കാടു കയറിയ നിലയിലാണ്. അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉണ്ടെങ്കിലും രാത്രി പേടി കൂടാതെ ഉറങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് നാട്ടുകാരുടെ പലായനം. പകൽ വീടുകളിൽ തയാറാക്കി വയ്ക്കുന്ന ഭക്ഷണം കുരങ്ങുകൾ കയറി നശിപ്പിക്കുന്നതായി പറയുന്നു.
വീടിനു പുറത്ത് ഉണക്കാനിടുന്ന വസ്ത്രങ്ങളും പോലും നശിക്കും. വീട്ടുകാർ ഒഴിഞ്ഞ പറമ്പുകളിൽ അടിക്കാട് വളരുന്നതിനാൽ അവിടെയെല്ലാം വന്യമൃഗങ്ങൾ കയറിപ്പറ്റുന്നു. ഈ മേഖലയിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ സ്വകാര്യ വ്യക്തികളുടെ ഭൂമികളിൽ കാടു വളർന്ന നിലയിലാണ്. ആളൊഴിഞ്ഞ പറമ്പുകളിൽ കാടു വ്യാപിക്കുന്നതിന് അനുസരിച്ച് വന്യമൃഗ ശല്യവും പെരുകുന്നു.കാർഷിക മേഖലയെ ആശ്രയിച്ച് കഴിയുന്നവരും കൂലിപ്പണിക്കാരുമാണ് മറ്റ് മാർഗങ്ങളില്ലാതെ എല്ലാം ഉപേക്ഷിച്ച് പോകുന്നത്.