തൃശൂർ • കെഎസ്ആർടിസി ബസിടിച്ചു തകർന്ന ശക്തൻ തമ്പുരാന്റെ വെങ്കല പ്രതിമയുടെ അറ്റകുറ്റപ്പണികൾ തിരുവനന്തപുരത്തു പൂർത്തിയായി. അവസാനഘട്ട മിനുക്കുപണികൾക്കു ശേഷം നവംബർ ആദ്യത്തെ ആഴ്ച പ്രതിമ ശക്തൻ സ്ക്വയറിൽ സ്ഥാപിക്കും. ശിൽപി തിരുവനന്തപുരം കേശവദാസപുരം സ്വദേശി കുന്നുവിള മുരളിയാണു പ്രതിമ കേടുപാടുകൾ തീർത്തു നവീകരിച്ചത്. മുരളി തന്നെയാണ് പ്രതിമ നിർമിച്ചത്. ജൂണിലാണു ബസിടിച്ച് പ്രതിമ തകർന്നത്. പാപ്പനംകോട് സിഡ്‌കോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്. ശിൽപം ഉറപ്പിച്ചു നിർത്താനുള്ള ശക്തൻ സ്ക്വയറിലെ കോൺക്രീറ്റ് പീഠത്തിന്റെ നിർമാണവും അന്തിമഘട്ടത്തിലാണ്. 19.5 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രതിമയുടെ കേടുപാടുകൾ തീർത്തത്. 2013ലാണ് ശക്തൻ നഗറിൽ പ്രതിമ സ്‌ഥാപിച്ചത്.