പുന്നയൂർക്കുളം • ഗുരുവായൂർ-പൊന്നാനി സംസ്‌ഥാന പാതയിൽ 2 മാസം മുൻപ് അടച്ചവ വീണ്ടും അപകടക്കുഴികളായി മമ്മിയൂർ മുതൽ ജില്ലാ അതിർത്തിയായ വന്നേരി വരെ 13.4 കിലോമീറ്റർ ദൂരത്തിൽ മരാമത്ത് വകുപ്പ് അടച്ച കുഴികളാണ് മഴ പെയ്‌തതോടെ പഴയപടിയായത്. കുഴി അടച്ച പ്രവൃത്തിയിൽ ക്രമക്കേടുണ്ട് എന്നാണ് ആക്ഷേപം. ആനക്കോട്ട, തമ്പുരാൻപടി, നമ്പീശൻപടി, നായരങ്ങാടി, മൂന്നാംകല്ല്, വടക്കേകാട്, ആൽത്തറ, പുന്നൂക്കാവ് എന്നിവിടങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ചെളിക്കുണ്ട് ആയ ഏതാനും സ്‌ഥലങ്ങളിൽ മാത്രമാണ് അടുത്തിടെ കുഴി അടച്ചത്.
മഴയ്ക്ക് മുൻപ് ചെയ്യേണ്ട പ്രവൃത്തി മഴ കനത്ത ശേഷം ചെയ്തതാണ് പെട്ടെന്നു കേടാവാൻ കാരണമെന്ന് പറയുന്നു. 2017 ലാണ് വടക്കേക്കാട് നായരങ്ങാടി മുതൽ ആറ്റുപുറം വരെയും പിന്നീട് വന്നേരി വരെയും ബിഎംബിസി നിലവാരത്തിൽ റോഡ് ടാറിട്ടത്. 2 മാസത്തിനകം റോഡിന്റെ വശങ്ങൾ പൊട്ടിപ്പൊളിഞ്ഞു. ഇവിടെ മാത്രം പിന്നീട് റിപ്പയർ ചെയ്തു. മഴ പെയ്‌താൽ റോഡിൽ പലയിടത്തും വെള്ളം കെട്ടിനിൽക്കുന്നതു പതിവാണ്. നായരങ്ങാടിയിൽ അടുത്തിടെ കാന നിർമിച്ചെങ്കിലും വെള്ളക്കെട്ട് ഒഴിവായിട്ടില്ല. ആൽത്തറ, പുന്നക്കാവ് സെന്ററുകളിലും വെള്ളക്കെട്ടുണ്ട്.