തൃശ്ശൂർ : പൂരം കലക്കൽ തുടരന്വേഷണം ഇപ്പോഴത്തെ പ്രതിഷേധങ്ങളിൽനിന്ന് മുഖംതിരിക്കാനുള്ള അടവാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം. ജിഷാൻ ആരോപിച്ചു. ഘടകകക്ഷികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും എ.ഡി.ജി.പി.യെ മാറ്റാത്തതിന് പിന്നിൽ മുഖ്യമന്ത്രിയുടെ വ്യക്തിതാത്പര്യം മാത്രമാണ്. മുഖ്യമന്ത്രിയും ആർ.എസ്.എസും പോലീസും മാഫിയാബന്ധമാണെന്ന് ആരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജിഷാൻ.
യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് എ.എം. സനൗഫൽ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, എം.എസ്.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫ്, മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ്, എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറി എസ്.എ. അൽറസിൻ, ജില്ലാ ഭാരവാഹികളായ കെ.കെ. സക്കരിയ്യ, എ.വി. അലി, അസീസ് മന്നലാംകുന്ന് തുടങ്ങിയവർ പ്രസംഗിച്ചു.
തെക്കേഗോപുരനടയിൽനിന്നാരംഭിച്ച മാർച്ച് പോലീസ് ആസ്ഥാനത്തിനു സമീപം പോലീസ് തടഞ്ഞു. പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.