തൃശൂർ – മാന്ത്രികശക്തിയുള്ള ‘റൈസ് പുള്ളർ’ നൽകാമെന്നു തെറ്റിദ്ധരിപ്പിച്ച യുവാവിനെ വിളിച്ചുവരുത്തി മർദിച്ചു കൊലപ്പെടുത്തുക, അതിനുശേഷം അപകടത്തിൽ പരുക്കേറ്റതാണെന്ന വ്യാജേന ആംബുലൻസിൽ കയറ്റിവിട്ടു മുങ്ങുക- ക്രൂരത കാട്ടിയ അഞ്ചംഗ സംഘം പൊലീസ് പിടിയിലായി. മൂന്നു പേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. ഒരു കണ്ണൂർ സ്വദേശിയും നാലു കൈപ്പമംഗലം സ്വദേശികളുമാണ് പിടിയിലായത്. ഇവരെ ഇന്ന് കയ്പമംഗലത്ത് എത്തിച്ച് ചോദ്യം ചെയ്യും. ‘റൈസ് പുള്ളർ’ സാമ്പത്തിക നേട്ടം ഉണ്ടാക്കി തരുമെന്നാണ് തട്ടിപ്പുകാർ പ്രചരിപ്പിക്കുന്നത്.
കോയമ്പത്തൂർ സോമണ്ണൂർ സ്വദേശി ആൻറണി രാജിന്റെ മകൻ ചാൾസ് ബെഞ്ചമിൻ (45) ആണു കൊല്ലപ്പെട്ടത് “മാന്ത്രികശക്തിയുള്ള റൈസ് പുള്ളർ’ നൽകാമെന്നു തെറ്റിദ്ധരിപ്പിച്ചു ചാൾസ് കണ്ണൂർ അഴീക്കലിലെ ഐസ് ഫാക്‌ടറി ഉടമ മുഹമ്മദ് സാദിക്കിൽ നിന്നു 10 ലക്ഷം രൂപ തട്ടിയെടുത്തിരുന്നതായി വിവരമുണ്ട്. സാദിഖും ചാൾസും തമ്മിൽ 6 മാസം മുൻപാണ് പണമിടപാടു നടത്തിയിയത്. നഷ്‌ടപ്പെട്ട പണം തിരിച്ചു പിടിക്കാൻ സാദിഖും കുട്ടാളികളായ സലീം, ഫായിസ് എന്നിവരും മറ്റൊരാളും ചേർന്നു പദ്ധതിയിട്ടു.
ചാൾസിനെയും ഇയാളുടെ സുഹൃത്തായ ആലപ്പുഴ സ്വദേശി ശശാങ്കനെയും തൃശൂർ പാലിയേക്കരയിലെ രഹസ്യകേന്ദ്രത്തിലേക്ക് വിളിച്ചുവരുത്തി. പടിഞ്ഞാറെ വെമ്പല്ലൂരിൽ വാടകയ്ക്ക താമസിക്കുന്ന സുഹൃത്ത് ധനേഷിൻ്റെ വീട്ടിലേക്കു സാദിഖും സംഘവും ചാൾസിനെയും ശശാങ്കനെയും എത്തിച്ചു. ഇവിടെ വച്ചായിരുന്നു മർദനത്തിൻ്റെ തുടക്കം. ചാൾസിൻ്റെ വസ്ത്രം ഈ വീട്ടിൽ നിന്നു കണ്ടെത്തി. ശശാങ്കൻ പരുക്കുകളോടെ ഓടി രക്ഷപ്പെട്ടു.
പിന്നീട് മൃതദേഹവുമായി സംഘം കയ്‌പമംഗലം ഫിഷറീസ് സ്‌കൂളിനടുത്തു വഞ്ചിപ്പുരയിൽ രാത്രി 11.30ന് എത്തി ആംബുലൻസ് വിളിച്ചു. അപകടത്തിൽ പരുക്കേറ്റതാണെന്നു പറഞ്ഞ് ഇവർ ചാൾസിനെ ആംബുലൻസിൽ കയറ്റി. തങ്ങൾ കാറിൽ പിന്നാലെയുണ്ടെന്നു ഡ്രൈവറെ തെറ്റിദ്ധരിപ്പിച്ച് ആംബുലൻസ് ആശുപത്രിയിലേക്കയച്ചു ആശുപത്രിയിൽ എത്തും മുൻപു തന്നെ ചാൾസ് മരിച്ചു. നാലംഗ സംഘം ആശുപത്രിയിലെത്താതെ മുങ്ങി. ശശാങ്കൻ മതിലകം പൊലീസ് സ്‌റ്റേഷനിൽ അഭയം തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.